നാദാപുരം: വീട്ടിൽ വൈദ്യുതി കിട്ടിയതിന്റെ ആഹ്ലാദത്തിൽ വിളിച്ചുവരുത്തിയ കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി പാറക്കുളത്തിൽ മുങ്ങി മരിച്ചു. പുറമേരി നടുക്കണ്ടിയിൽ കനകത്ത് താഴെ കുനി ശശിയുടെ മകൻ സൂര്യജിത് (16) ആണ് മരിച്ചത്. വീട്ടിൽ വൈദ്യുതി ലഭിച്ചതിന്റെ സന്തോഷത്തിൽ സൂര്യജിത്ത് തൂണേരിയുള്ള സുഹൃത്തിനെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പറയുന്നു.
വീടിനടുത്തുള്ള പാറക്കുളത്തിലാണ് കുളിക്കാനിറങ്ങിയത്. നീന്തൽ അറിയാത്ത സൂര്യജിത് കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഇതോടെ, സമീപത്തുളളവരെ വിവരം അറിയിച്ചു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ്. മൃതദേഹം വടകര ഗവ. ആശുപത്രി മോർച്ചറിയിൽ. മാതാവ്: മോനിഷ, സഹോദരി: തേജലക്ഷ്മി.