കോഴിക്കോട് : താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍സെക്കൻഡറി കോഴ്സുകളില്‍ അപേക്ഷിക്കുന്നതിനുള്ള സൗകര്യത്തിനായി അപേക്ഷ സ്വീകരിക്കുന്നത് ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ നീട്ടി.
മുന്‍നിശ്ചയപ്രകാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചുവരെയാണ് അപേക്ഷ സ്വീകരിച്ചത്. ഇതിനിടെയാണ് കുറ്റാരോപിതരായ ആറു വിദ്യാര്‍ഥികളുടെ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാനും അവര്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് അപേക്ഷിക്കാനും സൗകര്യം ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്.കോടതി ഉത്തരവനുസരിച്ച് അഡ്മിഷന്‍പോര്‍ട്ടല്‍ ഒരുദിവസംകൂടി തുറക്കാന്‍ ഹയര്‍സെക്കൻഡറി ജോ. ഡയറക്ടര്‍ (അക്കാദമിക്) ആണ് നിര്‍ദേശം നല്‍കിയത്. കുറ്റാരോപിതരായ കുട്ടികളുടെ പത്താംക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് നേരത്തെ ബാലവകാശ കമ്മിഷനും നിര്‍ദേശിച്ചിരുന്നു.