നാദാപുരം: ഹയർസെക്കൻഡറി സ്കൂളിൽ നിന്നും പുറത്താക്കിയതിന് പ്രിൻസിപ്പലിനെ അക്രമിച്ച കേസിലെ വിദ്യാർഥിയെ കോടതി റിമാൻഡ് ചെയ്തു. കടമേരി ആർ.എ.സി. ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥി എടച്ചേരി നോർത്ത് വണ്ണാന്റതുണ്ടിയിൽ മുഹമ്മദ് നാഫി(20)നെയാണ് കോടതി റിമാൻഡ് ചെയ്തത്. വിവിധ വകുപ്പുകൾ പ്രകാരമാണ് നാഫിയുടെപേരിൽ പോലീസ് കേസെടുത്തത്. കടമേരി ആർ.എ.സി. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ നരിക്കാട്ടേരി കുറ്റിയിൽ മുസ്തഫ (52)യ്ക്ക് നേരെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് അക്രമമുണ്ടായത്.
രണ്ടാംവർഷ വിദ്യാർഥിയുടെ അക്രമത്തിൽ പ്രിൻസിപ്പലിന്റെ ഇടതുകൈയുടെ വിരലുകൾ പൊട്ടിയിരുന്നു. പ്ലസ് വൺ വിദ്യാർഥിയെ റാഗ് ചെയ്യുകയും അക്രമിക്കുകയും ചെയ്തന്ന പരാതിയിൽ നാഫിയുടെ നേതൃത്വത്തിൽ മൂന്നുവിദ്യാർഥികളെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്യുകയും പരാതി പോലീസിന് കൈമാറുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധമാണ് പ്രിൻസിപ്പലിനെ അക്രമിക്കാനിടയാക്കിയത്. അക്രമത്തിനിരയായ പ്രിൻസിപ്പലിനെ കോഴിക്കോട് ആർ.ഡി.ഡി. എം. സന്തോഷ്‌കുമാർ, ജില്ലാ കോ-ഓർഡിനേറ്റർ ജി. മനോജ്കുമാർ പ്രിൻസിപ്പൽഫോറം കൺവീനർ ഇ. കബീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. അടിക്കടി വിദ്യാലയങ്ങൾക്കെതിരേയും പ്രിൻസിപ്പൽമാർക്കെതിരേയും നടക്കുന്ന അക്രമങ്ങൾ തടയണമെന്നും സ്കൂൾപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തിക്കൊണ്ട് പോകാനുള്ള അവസ്ഥ സർക്കാർ ഒരുക്കണമെന്നും സെറ്റ്‌കോ സംസ്ഥാന ചെയർമാൻ കെ.ടി. അബ്ദുൽലത്തീഫ്, കൺവീനർ പി.കെ. അബ്ദുൽ അസീസ് എന്നിവർ ആവശ്യപ്പെട്ടു. വിദ്യാലയങ്ങളിൽ ക്രിമിനൽ സ്വഭാവത്തോടെ പെരുമാറുന്ന കുട്ടികളെ നിയന്ത്രിക്കുന്നതിന് പെരുമാറ്റച്ചട്ടം രൂപവത്‌കരിക്കണമെന്നും ഇതില്ലാതെ പോകുന്നതാണ് അടിക്കടി സംസ്ഥാനത്ത് ഇത്തരം പ്രശ്നങ്ങൾ വർധിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.