കൊല്ലം: ബിജെപിയുടെ പ്രാദേശിക നേതാക്കളെ പരിചയപ്പെടാന്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ കേരള പര്യടനത്തിന്. സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനപരിചയം കുറവുള്ളതിനാലാണ് പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള നേതാക്കളെ കാണാനായി 30 സംഘടനാ ജില്ലകളിലും അദ്ദേഹം യാത്ര നടത്തുന്നത്. ഒരുദിവസം രണ്ട് ജില്ല എന്നകണക്കില്‍ 15 ദിവസം പരിപാടികള്‍ സംഘടിപ്പിക്കും.
ഏപ്രില്‍ 10-നുശേഷം പര്യടനം ആരംഭിക്കുമെന്നാണ് വിവരം. പാര്‍ട്ടിയുടെ മണ്ഡലം ജനറല്‍ സെക്രട്ടറിമുതല്‍ മുകളിലേക്കുള്ള നേതാക്കളെയാണ് യോഗത്തിലേക്ക് ക്ഷണിക്കുക. പര്യടനത്തിനിടെ എല്ലാ ജില്ലകളിലും മുതിര്‍ന്ന ബിജെപി, സംഘപരിവാര്‍ നേതാക്കളെ കാണാനും പരിപാടിയുണ്ട്. ഈ കൂടിക്കാഴ്ചയില്‍ എല്ലാ ജില്ലകളിലും പാര്‍ട്ടി ഘടകങ്ങള്‍ക്ക് ലക്ഷ്യം (ടാര്‍ഗറ്റ്) നിശ്ചയിക്കും.
സംഘടനാപ്രവര്‍ത്തനം, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം എന്നിങ്ങനെ രണ്ടുതരത്തിലുള്ള ടാര്‍ഗറ്റ് ആണ് കൊടുക്കുക. നേതാക്കള്‍ക്കും ടാര്‍ഗറ്റ് ഉണ്ടാകും. തദ്ദേശ തിരഞ്ഞെടുപ്പിനെ ആദ്യ കടമ്പയായി കണക്കാക്കി വലിയ മുന്നേറ്റമുണ്ടാക്കാനുള്ള പ്രവര്‍ത്തനപദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
ഏപ്രില്‍ 10-നുമുന്‍പ് ജില്ലാ ഭാരവാഹികളെയും 15-നുമുന്‍പ് സംസ്ഥാന ഭാരവാഹികളെയും പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.എല്ലാ ഘടകങ്ങളിലും ഭാരവാഹികളില്‍ 40 ശതമാനം പേര്‍ പുതുമുഖങ്ങളായിരിക്കണമെന്നാണ് ബിജെപിയുടെ നിബന്ധന. രാജീവ് ചന്ദ്രശേഖറിന്റെ ടീമില്‍ 60 ശതമാനം പുതുമുഖങ്ങളായിരിക്കുമെന്ന് പറയുന്നുണ്ട്.