BREAKING NEWS
dateWED 15 JAN, 2025, 11:19 AM IST
dateWED 15 JAN, 2025, 11:19 AM IST
back
Homesections
sections
SREELAKSHMI
Thu Jan 09, 2025 08:15 PM IST
ഭാവ ഗായകന് വിട; പി ജയചന്ദ്രൻ അന്തരിച്ചു
NewsImage

തൃശ്ശൂർ: ആ നിത്യവിസ്മയ നാദം നിലച്ചു. അനശ്വരഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീര്‍ത്ത സ്വരം മലയാളത്തിന്റെ ഭാഗഗായകന്‍ പി. ജയചന്ദ്രന്‍ (81) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ലളിതസുന്ദര സ്വരമാധുര്യമായി അഞ്ച് പതിറ്റാണ്ട് ആയിരക്കണക്കിന് പാട്ടുകള്‍ പാടിതീര്‍ത്ത് 81-ാം വയസ്സില്‍ അദ്ദേഹം വിടപറഞ്ഞു. സിനിമകളിലും ലളിതഗാനത്തിലും ഭക്തിഗാനത്തിലും ആ സ്വരം തരംഗമായി.

1944 മാര്‍ച്ച് മൂന്നിന് എറണാകുളം ജില്ലയിലെ രവിപുരത്തായിരുന്നു രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളില്‍ മൂന്നാമനായി ജയചന്ദ്രന്റെ ജനനം. 1958 ലെ സംസ്ഥാന യുവജനമേളയില്‍ പങ്കെടുക്കവേ ജയചന്ദ്രന്‍ തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കല്‍ ഗായകനുള്ള പുരസ്‌കാരം യേശുദാസ് നേടിയപ്പോള്‍ അതേ വര്‍ഷം മികച്ച മൃദംഗവിദ്വാനുള്ള പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. ഇരങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടി 

1965ല്‍'കുഞ്ഞാലിമരയ്ക്കാര്‍' എന്ന ചിത്രത്തിലെ പി.ഭാസ്‌കരന്റെ രചനയില്‍ പിറന്ന 'ഒരുമുല്ലപ്പൂമാലയുമായ് ' എന്ന ഗാനം ചിദംബരനാഥിന്റെ സംഗീതത്തില്‍ പാടിയാണ് ചലച്ചിത്ര ഗാന ലോകത്തേക്ക് പി.ജയചന്ദ്രന്റെ ചുവടുവെപ്പ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് , ഹിന്ദി ഭാഷകളിലായി 15,000ല്‍ അധികം ഗാനങ്ങള്‍ ആലപിച്ചു.സംവിധായകന്‍ എ.വിന്‍സെന്റ് , ദേവരാജന്‍- പി.ഭാസ്‌കരന്‍ കൂട്ടുകെട്ടില്‍ പിറന്ന 'കളിത്തോഴന്‍' എന്ന ചിത്രത്തിലെ 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി' എന്ന ഗാനം പാടാന്‍ അവസരമൊരുക്കി. ഇതോടെ മലയാളത്തിന്റെ ഭാവഗായകനായി ജയചന്ദ്രന്‍ മാറി. ഈ ചിത്രം 1967ലാണ് പുറത്തിറങ്ങിയത്.ഇരിങ്ങാലക്കുട നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ അവിടെ സംഗീതാദ്ധ്യാപകനായിരുന്ന കെ.വി.രാമനാഥനാണ് ആദ്യ ഗുരു. കഥകളി, മൃദംഗം, ചെണ്ടവായന, പൂരം, പാഠകം, ചാക്യാര്‍ക്കൂത്ത് എന്നിവയോടെല്ലാം താല്‍പ്പര്യമുണ്ടായിരുന്ന പി.ജയചന്ദ്രന്‍ സ്‌കൂള്‍തലത്തില്‍ തന്നെ ലളിതസംഗീതത്തിനും മൃദംഗവാദനത്തിനും നിരവധി സമ്മാനങ്ങള്‍ നേടി. 1958ലെ യുവജനോത്സവത്തില്‍ ലളിത സംഗീതത്തിനും മൃദംഗത്തിനും ഒന്നാം സമ്മാനം കരസ്ഥമാക്കി.സംഗീതത്തിന് പുറമെ സിനിമാ അഭിനയത്തിലും ജയചന്ദ്രന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഹരിഹരന്റെ'നഖക്ഷതങ്ങള്‍', ഒ.രാമദാസിന്റെ 'ശ്രീ കൃഷ്ണപ്പരുന്ത്' വി.കെ.പ്രകാശ് സംവിധാനം ചെയ്ത ' ട്രിവാന്‍ഡ്രം ലോഡ്ജ്' എന്നീ സിനിമകളിലും നിരവധി സംഗീത ആല്‍ബങ്ങളിലും അദ്ദേഹം അഭിനയിച്ചു.

1986-ല്‍ ശ്രീനാരായണ ഗുരു എന്ന ചിത്രത്തിലെ ശിവശങ്കര സര്‍വ ശരണ്യവിഭോ എന്ന ഗാനത്തിലൂടെ ജയചന്ദ്രനെത്തേടി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരമെത്തി. അഞ്ചുതവണയാണ് ജയചന്ദ്രന്‍ മികച്ച ഗായകനുള്ള സംസ്ഥാനപുരസ്‌കാരം സ്വന്തമാക്കിയത്. 1972-ല്‍ പണിതീരാത്ത വീട് എന്ന സിനിമയിലെ നീലഗിരിയുടെ സഖികളേ, 1978-ല്‍ ബന്ധനത്തിലെ രാഗം ശ്രീരാഗം, 2000-ല്‍ നിറത്തിലെ പ്രായം നമ്മില്‍ മോഹം നല്‍കി, 2004-ല്‍ തിളക്കത്തിലെ നീയൊരു പുഴയായ്, 2015-ല്‍ ജിലേബിയിലെ ഞാനൊരു മലയാളി.., എന്നും എപ്പോഴുമിലെ മലര്‍വാകക്കൊമ്പത്തെ, എന്ന് നിന്റെ മൊയ്തീനിലെ ശാരദാംബരം എന്നീ ഗാനങ്ങളായിരുന്നു അവ. 1994-ല്‍ കിഴക്ക് സീമയിലേ എന്ന ചിത്രത്തിലെ കട്ടാഴം കാട്ടുവഴി എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരവും ജയചന്ദ്രന്‍ സ്വന്തമാക്കി. തമിഴ് ചലച്ചിത്ര സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമെന്ന നിലയില്‍ 1997-ല്‍ തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡിനും അദ്ദേഹം അര്‍ഹനായി. 2021-ല്‍ കേരളം അദ്ദേഹത്തെ ജെ.സി.ഡാനിയല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രന്‍ സംഗീതസാന്നിധ്യമായി. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE