നാദാപുരം: വ്യാജ ഷെയര്‍ മാര്‍ക്കറ്റുകളില്‍ പണം നിക്ഷേപിച്ച നാദാപുരം സ്വദേശിനിക്ക് നഷ്ടമായത് പതിനേഴര ലക്ഷത്തോളം രൂപ. വിവിധ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പ് വഴി ഷെയര്‍ മാര്‍ക്കറ്റിലും ഐപിഒകളിലും നിക്ഷേപം നടത്തിയാല്‍ ഇരട്ടിയിലേറെ ലാഭം നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് സംഘം വീട്ടമ്മയെ വിശ്വസിപ്പിക്കുകയായിരുന്നു. ഇവരുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലൂടെ 12 തവണകളിലായി നടത്തിയ ഇടപാടിലൂടെ 17,55,780 രൂപയാണ് നഷ്ടമായത്. ജൂണ്‍ മുതല്‍ ഓഗസ്ത് വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചെടുത്ത പണമാണ് വീട്ടമ്മ നിക്ഷേപിച്ചത്. പണം നഷ്ടപ്പെട്ടതോടെ കോഴിക്കോട് സിറ്റി സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു.
ഇടപാട് നടത്തിയ ബാങ്ക് നാദാപുരം സ്റ്റേഷന്‍ പരിധിയില്‍ ആയതോടെ കേസ് നാദാപുരത്തേക്ക് മാറ്റുകയായിരുന്നു. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.