നാദാപുരം: വിലങ്ങാട് വാളൂക്ക് പുഴയരികിൽ പാറക്കെട്ടുകൾക്കിടയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ഇതുമായിബന്ധപ്പെട്ട് കൂടെത്താമസിച്ചിരുന്ന ആൺസുഹൃത്ത് അറസ്റ്റിലായി. വിലങ്ങാട് അടുപ്പിൽ കോളനിയിലെ വാസു (എലുമ്പൻ-57) വിനെയാണ് പേരാമ്പ്ര മുതുകാട് കോളനിയിൽനിന്ന് കുറ്റ്യാടി പോലീസ് പിടികൂടിയത്.
വയനാട് നിരവിൽപ്പുഴ അരിമല കോളനിയിലെ ബിന്ദു (സോണിയ-42) വിന്റെ മൃതദേഹമാണ് കഴിഞ്ഞദിവസം ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയത്. പ്രദേശത്തുനിന്ന് ദുർഗന്ധം വമിച്ചതിനെതുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പുഴയിലെ പാറക്കെട്ടുകൾക്കിടയിൽ മൃതദേഹം കണ്ടെത്തിയത്. ഇരുവരും പുഴയിൽ മീൻപിടിക്കാൻ പോയപ്പോൾ വാക്ക്തർക്കം ഉണ്ടാവുകയും വാസു, ബിന്ദുവിനെ പുഴയിലേക്ക് തള്ളിയിട്ട് കൊല്ലുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. മൃതശരീരത്തിൽ മർദനമേറ്റ പാടുകൾ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു.
പോലീസ് സർക്കിൾ ഇൻസ്പെക്ടർ യു.പി. വിപിൻ, എസ്.ഐ.മാരായ കെ.കെ. നിഖിൽ, എം. സലാം, സി.പി.ഒ.മാരായ കെ. വിപിൻ, വിജയൻ എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. വാസുവിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വൈദ്യപരിശോധനയ്ക്കുശേഷം നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.