നാദാപുരം: മഞ്ഞപ്പിത്തം സ്ഥിരീകരിച്ച വാണിമേൽ പഞ്ചായത്തിലെ വിവിധ മേഖലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം. പഞ്ചായത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശുചിത്വ പരിശോധനയും ബോധവൽക്കരണവും നടത്തി. വാണിമേൽ എം യു പി സ്കൂളിന് സമീപത്ത് വിദ്യാർത്ഥികൾക്ക് നൽകാനായി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെ വിൽപ്പന നടത്തിയ ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കൾ പിടികൂടി നശിപ്പിച്ചു. രോഗബാധ നിയന്ത്രിക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ കർശന നടപടികൾ സ്വീകരിക്കുന്നതിനിനിടയിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ഭക്ഷ്യ വസ്തുക്കൾ വിൽപ്പന നടത്തിയത്.
മഞ്ഞപ്പിത്തം രോഗബാധ കൂടുതലായി കണ്ടുവരുന്ന വാർഡ് 15,16 എന്നിവയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചു. അടുത്തിയായി പത്തിലേറെ പേർക്കാണ് രണ്ട് വാർഡുകളിൽ രോഗം സ്ഥിതീകരിച്ചത്. ഈ വാർഡുകളിലെ സ്ക്കൂളുകളിൽ കുടിവെള്ള ശുചിത്വവും , ആഹാര ശുചിത്വവും ഉറപ്പു വരുത്താൻ ആവശ്യമായ നിർദ്ദേശങ്ങൾ അടങ്ങിയ നോട്ടീസ് നൽകി. മേഖലയിലെ വിവിധ സ്കൂളുകൾ , കോളേജ് ഹോസ്റ്റലുകൾ, മദ്രസ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ് , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി. വിജയരാഘവൻ , കെ എം ചിഞ്ചു എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.