നാദാപുരം: ജോലിക്കിടയിൽ ചെങ്കല്ല് വീണ് പരിക്ക് പറ്റിയ കൈവിരലിൽ കുടുങ്ങിയ മോതിരം മുറിച്ചു മാറ്റി അഗ്നിരക്ഷസേന. ഉച്ചയോടെ ന്യൂക്ലീയസ് ആശുപത്രിയിൽ ചികിത്സതേടി എത്തിയ വളയം കല്ലുനിര സ്വദേശി ജോസ് (72) ന്റെ ചികിത്സയ്ക്ക് ബുദ്ധിമുട്ടായി നിന്ന കൈ വിരലിലെ മോതിരം മുറിച്ചു മാറ്റുന്നതിനാണ് ആശുപത്രി അധികൃതർ അഗ്നിരക്ഷ സേനയുടെ സഹായം തേടിയത്.
തുടർന്ന് അസി സ്റ്റേഷൻ ഓഫീസർ സുജേഷ് കുമാറിന്റെ നേതൃത്വത്തിൽ എത്തിയ നാദാപുരം അഗ്നിരക്ഷസേനയിലെ ഫയർ റെസ്ക്യൂ ഓഫീസർ അജേഷ്. ഡി റിങ് കട്ടർ ഉപയോഗിച്ച് ഡോക്ടർമാരുടെ സാന്നിധ്യത്തിൽ നീണ്ട അരമണിക്കൂർ പരിശ്രമത്തിനൊടുവിൽ സുരക്ഷിതമായി മോതിരം മുറിച്ചു മാറ്റുകയായിരുന്നു. വിരലിൽ ആഴ്ന്നിറങ്ങിയ നിലയിലായിരുന്നു മോതിരം ഉണ്ടായിരുന്നത്. ആറു ദിവസം മുമ്പാണ് കൈക്ക് പരിക്ക് പറ്റിയത്. ദിവസങ്ങൾ കഴിഞ്ഞതോടെ പരിക്ക് പറ്റിയ കൈ വിരലുകൾ നീര് വന്ന് വീർക്കുകയായിരുന്നു.