BREAKING NEWS
dateFRI 4 APR, 2025, 7:26 AM IST
dateFRI 4 APR, 2025, 7:26 AM IST
back
Homeinshort
inshort
Aswani Neenu
Sat Oct 12, 2024 01:15 PM IST
മരിക്കുന്നെങ്കിൽ മരിക്കട്ടെ; വീട്ടിലേക്ക് മടങ്ങുകയാണെന്ന് വിലങ്ങാട് വാളുക്കിലെ മാന്വൽ
NewsImage

നാദാപുരം: മരിക്കുന്നെങ്കിൽ മരിക്കട്ടെ, നാട്ടുകാർ അറിയണം ഞാൻ എഴുതി വെക്കും... ഇനിയുള്ള ദിവസങ്ങൾ വീട്ടിൽ തന്നെ കഴിയണം... നരിപ്പറ്റ പഞ്ചായത്തിലെ വിലങ്ങാട് വാളുക്കിലെ കാവിൽ പുരയിടത്ത് മാനുവലിൻ്റതാണ് ഈ വാക്കുകൾ. മാനുവലിൻ്റെ വീടിന് ഭീഷണി ഉയർത്തി കുറ്റൻ പാറകൾ ഉണ്ട്. ഇവ പൊട്ടിച്ച് മാറ്റാൻ അധികൃതർക്ക് പരാതി നൽകി മാസങ്ങൾ പിന്നിട്ടിട്ടും നടപടി ഇല്ലാതായതോടെയാണ് മാന്വൽ പ്രതികരിച്ചത്. അധികൃതർ കനിയാതായതോടെ ഉരുൾ ബാക്കി വെച്ച സ്വന്തം വീട്ടിലേക്ക് മടങ്ങാനാണ് മാനുവലിൻ്റെ തീരുമാനം. ജൂലായ് 30 ന് വിലങ്ങാട് മേഖലയിലൂണ്ടായ ഉരുൾപൊട്ടലിനൊപ്പമാണ് നരിപ്പറ്റ പഞ്ചായത്തിലെ വാളൂക്കിലും ഉരുൾപൊട്ടിയത്. മൂന്ന് ഉരുളുകളാണ് വാളൂക്കിലുണ്ടായത്. വ്യാപകമായ കൃഷി നാശമുണ്ടായി. റബ്ബർ , തെങ്ങ് ഉൾപ്പെടെ ഏക്കർ കണക്കിന് ഭൂമിയാണ് ഉരുൾ പൊട്ടി ഒലിച്ചിറങ്ങിയത്. 

2018 ലും ഇതേ സ്ഥലത്ത് ഉരുൾ നാശം വിതച്ചിരുന്നു. മാനുവലിൻ്റെ വീടിന് സമീപത്തെ മലമുകളിൽ കൂറ്റൻ പാറകൾക്കിടയിലെ മണ്ണ് മലവെള്ളപ്പാച്ചിലിൽ ഒലിച്ചിറങ്ങിയതോടെ പാറകൾ ഇളകി വീടിന് മുകളിലേക്ക് പതിക്കുമെന്ന അവസ്ഥയിലാണ്. വില്ലേജ് അധികൃതർ കുടുംബത്തെ വാളൂക്കിലെ വാടക വീട്ടിലേക്ക് മാറ്റിയെങ്കിലും സർക്കാർ പ്രഖ്യാപിച്ച വാടകയിനത്തിലുള്ള സഹായം രണ്ട് മാസം കഴിഞ്ഞിട്ടും ലഭിച്ചില്ല. ഹൃദ്രോഗിയായ മാനുവലും ഭാര്യയും മകനും കുടുംബവുമായിരുന്നു ഈ വീട്ടിൽ താമസം. സ്വന്തം വീട്ടിലേക്ക് തിരിച്ച് പോകണമെങ്കിൽ പാറകൾ പൊട്ടിച്ച് ഒഴിവാക്കണം. പാറക്കൂട്ടം പൊട്ടിച്ച് മാറ്റാൻ വടകര എം പി ,വാണിമേൽ പഞ്ചായത്ത്, വില്ലേജ്, താഹസിൽദാർ, കലക്ടർ എന്നിവർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് മാനുവലും കുടുംബവും പറഞ്ഞു. പരാതി ലഭിച്ചതായി ഓഫീസുകളിൽ നിന്ന് മറുപടി ലഭിച്ചത് മാത്രമാണ് മെച്ചം. അധികൃതർ വേണ്ട നടപടി സ്വീകരിച്ചിലെങ്കിലും അടുത്ത ദിവസം സ്വന്തം വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് മാനുവൽ.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE