നാദാപുരം: മുടവന്തേരിയില്‍ ജീപ്പില്‍ സൂക്ഷിച്ചിരുന്ന പടക്കശേഖരം പൊട്ടിത്തെറിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. സ്‌ഫോടക വസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യംചെയ്തത് സംബന്ധിച്ച വകുപ്പ് ചുമത്തി നാദാപുരം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തിൽ നാലു പേർക്ക് പരിക്കേറ്റു. മുഹമ്മദ് റാഷിഖ്, ഷഹറാസ്, ഫവാസ്, സിയാദ് എന്നിവർക്കാണ് നിസ്സാര പരിക്കേറ്റത്. സ്ഫോടകവസ്തു അശ്രദ്ധമായി ഉപയോഗിച്ചുവെന്നതടക്കമുള്ള വകുപ്പുകൾ പ്രകാരം 16 ആളുകളുടെപേരിൽ നാദാപുരം പോലീസ് കേസെടുത്തു.
പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നാദാപുരം ഇരിങ്ങണ്ണൂര്‍ മുടവന്തേരിയില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പുലര്‍ച്ചെ ഒന്നര മണിയോടെ ഏതാനും യുവാക്കള്‍ പൊതുസ്ഥലത്ത് റോഡില്‍വെച്ച് പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
റോഡരികില്‍ പടക്കശേഖരവുമായി നിര്‍ത്തിയിരുന്ന ജീപ്പിനുള്ളിലേക്ക് തീ പടര്‍ന്നതാണ് പൊട്ടിത്തെറിക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം. സ്‌ഫോടനത്തില്‍ ജീപ്പിന്റെ പിന്‍ഭാഗവും മുന്‍ ഭാഗവും തകര്‍ന്നു. ജീപ്പിന്റെ പല ഭാഗങ്ങളും മീറ്ററുകളോളം ദൂരത്ത് തെറിച്ചുവീണ നിലയിലാണ്. തലശ്ശേരി ഭാഗത്തുനിന്ന് വാങ്ങിയ അരലക്ഷം രൂപയിലധികം വിലവരുന്ന പടക്കമായിരുന്നു ജീപ്പിലുണ്ടായിരുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.