നാദാപുരം: ഇരിങ്ങണ്ണൂരിൽ വിവാഹ വീട്ടിൽ നിന്ന് 10 പവൻ സ്വർണ്ണവും 6000 രൂപയും മോഷണം പോയി. സംഭവത്തിൽ പോലീസ് കേസെടുത്തു. ഇരിങ്ങണ്ണൂരിലെ മുടവന്തേരി കീഴില്ലത്ത് ടി.പി.അബൂബക്കറിൻ്റെ വീട്ടിലാണ് മോഷണം. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 5.30നും രാത്രി 1.30നും ഇടയിലുള്ള സമയത്താണ് വീടിന്റെ മുകളിലത്തെ നിലയിലെ അലമാരയിൽ നിന്ന് 7 ലക്ഷത്തിൽ പരം രൂപയുടെ സ്വർണവും പണവും നഷ്‌ടപ്പെട്ടത്. 50,000 രൂപയുടെ കെട്ടിൽ നിന്ന് 6,000 രൂപ മാത്രം എടുത്ത് ബാക്കി അലമാരയിൽ തന്നെ വച്ചു. സ്വർണവും 6,000 രൂപയുമെടുത്താണ് മോഷ്‌ടാവ് മുങ്ങിയത്. അബൂബക്കറുടെ മകൻ അബ്ദുൽ സഹലിന്റെ വിവാഹമായിരുന്നു ഞായറാഴ്‌ച.
അലമാരയുടെ താക്കോൽ സമീപത്തു തന്നെ സൂക്ഷിച്ചതായിരുന്നു. ഈ താക്കോൽ ഉപയോഗിച്ചാണ് അലമാര തുറന്നതും മോഷണം നടത്തിയതും. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.