കോഴിക്കോട്: അന്തരിച്ച മലയാളത്തിന്റെ മഹാ സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടത്തും. മാവൂർ റോഡിലെ 'സ്‌മൃതിപഥം' എന്ന് പേരിട്ട് പുതുക്കിപ്പണിത പൊതുശ്‌മശാനത്തിലാണ് സംസ്‌കാരം. 'സ്‌മൃതിപഥം' പുതുക്കിപ്പണിതിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. അവിടേക്കുള്ള ആദ്യ വിലാപയാത്ര എംടിയുടേതാണ്. എംടിയുടെ ആവശ്യപ്രകാരം പൊതുദർശനം ഒഴിവാക്കിയിരുന്നു.
വാതകം ഉപയോഗിച്ച് ദഹിപ്പിക്കുന്ന മൂന്ന് ചൂളകളും പരമ്പരാഗത രീതിയിൽ ദഹിപ്പിക്കാനുള്ള രണ്ട് ചൂളകളുമാണ് മാവൂർ റോഡ് ശ്‌മശാനത്തിൽ പുതുതായി നിർമിച്ചത്. കർമങ്ങൾ ചെയ്യാനും ദേഹശുദ്ധി വരുത്താനും പ്രത്യേകം സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിന് സമീപം മനുഷ്യന്റെ ജനനം, ജീവിതം, മരണം എന്നിവ ചിത്രീകരിച്ച ചുമർചിത്രങ്ങളുമുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രവൃത്തി നടന്നത്.