കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന വിഖ്യാത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്കായി പ്രാർത്ഥിച്ച് കേരളം. അദ്ദേഹം ഐ.സി.യുവിൽ തുടരുകയാണെന്ന് സാഹിത്യകാരൻ പ്രൊഫ. എം.എൻ. കാരശ്ശേരി പറഞ്ഞു.
എം.ടിക്ക് ശ്വാസ തടസ്സം അനുഭവപ്പെടുന്നുണ്ട്. ഗുരുതരാവസ്ഥയിൽ ആണുള്ളത്. സംസാരിച്ചിട്ടും പ്രതികരിക്കുന്നില്ല. ഓക്സിജൻ കുറവാണ് എന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും എം.എൻ. കാരശ്ശേരി പറഞ്ഞു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതായി മന്ത്രി പി.എ.മുഹമ്മദ് റിയാസും പ്രതികരിച്ചു.
മന്ത്രി എ.കെ. ശശീന്ദ്രൻ എം.ടിയെ ആശുപത്രിയിലെത്തി സന്ദർശിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണെന്നും മന്ത്രി അറിയിച്ചു.സംവിധായകൻ ഹരിഹരൻ, നടൻ വിനീത് എന്നിവരും എം.ടി. വാസുദേവൻ നായരെ സന്ദർശിച്ചു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഹൃദയസ്തംഭനം സംഭവിച്ചതായി ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.