
കൊച്ചി: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്കുനേരെ സദാചാര ആക്രമണം. തിരുവാണിയൂരിലാണ് സംഭവം. കൊല്ലം സ്വദേശിനിയായ യുവതിയാണ് മർദ്ദനത്തിനിരയായത്.
ജോലി കഴിഞ്ഞ് ആൺ സുഹൃത്തിനൊപ്പം വരികയായിരുന്ന യുവതിയെയാണ് ഒരു സംഘം ആളുകൾ മർദ്ദിച്ചത്.ഇവിടെ വേഷം കെട്ടൽ എടുക്കുവാണോയെന്ന് ചോദിച്ചുകൊണ്ടായിരുന്നു ആക്രമണം. യുവതിയെ മുഖത്ത് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. പെൺകുട്ടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാനായി ഓട്ടോറിക്ഷ എത്തിയപ്പോൾ ഡ്രൈവറെയും സംഘം ഭീഷണിപ്പെടുത്തി. പിന്നീട് ചോറ്റാനിക്കര പൊലീസ് എത്തിയാണ് യുവതിയെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.
നിലവിൽ യുവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ ഒൻപത് പേർക്കെതിരെ കേസെടുത്തു. മണിക്കുട്ടൻ, ബിബിൻ, ബേബി മറ്റ് കണ്ടാൽ അറിയാവുന്ന ആറുപേർക്കും എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.