
വിലങ്ങാട് : വാളൂക്ക് വനമേഖലയിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി. വനംവകുപ്പും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.
യുവാക്കൾക്കെതിരെ കേസെടുക്കും. അനധികൃതമായി വനമേഖലയിൽ കയറിയതിനാണ് കേസ്. യുവാക്കൾ നിലവിൽ വനം വകുപ്പിന്റെ കസ്റ്റഡിയിലാണ്. ഇന്നലെ രാത്രിയാണ് യുവാക്കളെ രക്ഷപ്പെടുത്തിയത്. വയനാട് മലനിരകളോട് ചേർന്ന് നിൽക്കുന്ന വനമേഖലയിലാണ് ഇവർ കുടുങ്ങിയത്.കുരിക്കിലാട് സ്വദേശികളായ യുവാക്കൾ വിനോദ സഞ്ചാരത്തിന് എത്തിയതാണെന്നാണ് പറയുന്നത്.
കാട് കാണുന്നതിനിടെ ഒരാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ പരിഭ്രാന്തരാവുകയായിരുന്നു. തിരിച്ച് ഇറങ്ങുന്നതിനിടെ വഴി തെറ്റി ഉൾക്കാട്ടിൽ അകപ്പെട്ടുപോയതാണെന്നും യുവാക്കൾ പറഞ്ഞു.വനത്തില്‍ നിന്ന് ശബ്‌ദം കേട്ടതായും ടോര്‍ച്ചിന്റെ വെളിച്ചം കണ്ടതായും നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചതോടെയാണ് തെരച്ചില്‍ നടത്തിയത്. വനാതിര്‍ത്തിയില്‍ രണ്ട് ബൈക്കുകളും കണ്ടെത്തിയിരുന്നു. രക്ഷപ്പെടാന്‍ വേണ്ടിയാണ് ഉച്ചത്തില്‍ നിലവിളിക്കുകയും മൊബൈല്‍ ഫ്ലാഷ് അടിക്കുകയും ചെയ്‌തതെന്നും യുവാക്കൾ പറഞ്ഞു.