
കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. ചെറുവണ്ണൂര്‍ സ്വദേശിയായ സോനയാണ് മരിച്ചത്. മരണം ആസൂത്രിത കൊലപാതകമാണെന്നും ദുരൂഹതയുണ്ടെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.സോനയുടെ ഭർത്താവായ രജിൻലാലിനെതിരെയും കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് കാരണമെങ്കിൽ കാർ ഇത്തരത്തിൽ കത്തില്ലെന്നും മനഃപൂർവം കത്തിച്ചതുപോലെയാണ് തോന്നുന്നതെന്നും സോനയുടെ അമ്മാവൻ എ കെ സത്യൻ പറഞ്ഞു.
'കാറിനുള്ളിൽ മാരകമായ എന്തോ വച്ചിരുന്നു. എന്തുകൊണ്ടാണ് സോനയെ മുൻസീറ്റിൽ ഇരുത്താതെ പിന്നിൽ ഇരുത്തിയത്. അപകടത്തിൽ കുടുംബത്തിലുള്ളവർക്കെല്ലാം സംശയമുണ്ട്. രജിൻലാലിന്റെ നാട്ടുകാരും സമാന സംശയം ഉന്നയിച്ചു. അപകടമുണ്ടായപ്പോൾ തോട്ടിൽ ചാടി രക്ഷപ്പെടാനാണ് രജിൻ ശ്രമിച്ചത്. പിന്നിലെ ഡോർ തുറന്നില്ല. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരണം'- സത്യൻ വ്യക്തമാക്കി.