അരൂർ: അരൂരിലെ ഷബ്ന കുന്നുമ്മക്കരയിൽ ഭർതൃവീട്ടിൽ വച്ച് മരിക്കാൻ ഇടയായ സാഹചര്യം ഗൗരവമായി കാണണമെന്ന് മുൻ കെ.പി.സി.സി.പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഭർതൃവീട്ടിൽ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ട ഷബ്നയുടെ ദുരനുഭവം മറ്റൊരു സഹോദരിക്കും ഉണ്ടാകാതിരിക്കാൻ പഴുതടച്ച അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണകേന്ദ്രത്തിന്റെ ഉന്നത ഇടപെടലുകൾ ഈ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ കൈകൾ വരിഞ്ഞു കെട്ടിയതായി മുല്ലപ്പള്ളി പറഞ്ഞു. പണത്തിനു മേലെ പരുന്തും പറക്കില്ല എന്ന സ്ഥിതി മാറണമെന്നും അധികാര ദല്ലാളന്മാരുടെ ആശ്രിതർക്ക് എന്തുമാകാം എന്ന അവസ്ഥയ്ക്കും മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു. ഷബ്നയുടെ മരണത്തിന് ഉത്തരവാദികൾക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തണമെന്നും അല്ലാത്തപക്ഷം കോൺഗ്രസ് ശക്തമായ സമരത്തിന് നേതൃത്വം കൊടുക്കുമെന്നും മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കൂടിയായ മുല്ലപ്പള്ളി പറഞ്ഞു. ഡി.സി.സി. മെമ്പർ കെ.സജീവൻ, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് സന്ദീപ് കൃഷ്ണ, വാർഡ് മെമ്പർ റീത്ത കണ്ടോത്ത്, പാറോള്ളതിൽ അബ്ദുള്ള, കെ.എം.രജീഷ്, സുരേഷ് വട്ടക്കണ്ടി എന്നിവർ ഒപ്പമുണ്ടായിരുന്നു.