കൊച്ചി : കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വേദിയില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എം.എല്‍.എ.യുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുള്ളതായി മെഡിക്കല്‍ ബുള്ളറ്റിന്‍. മകന്‍ വിഷ്ണുവിന്റെ നിര്‍ദേശങ്ങളോട് എം.എല്‍.എ പ്രതികരിച്ചുവെന്നും ആശ്വാസാവഹമായ പുരോഗതി ഉള്ളതായും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പ്രതികരിച്ചു.
നിലവില്‍ വെന്റിലേറ്ററിലും ഗുരുതരാവസ്ഥയിലുമാണ്. വെന്റിലേറ്റില്‍ നിന്ന് മാറ്റി 24 മണിക്കൂര്‍ കഴിഞ്ഞാലേ അപകടാവസ്ഥ തരണം ചെയ്തതായി പറയാന്‍ സാധിക്കൂ എന്നും ഡോക്ടര്‍ വ്യക്തമാക്കി.
'ആറു മണിയോടെ സെഡേഷന്‍ മരുന്നിന്റെ ഡോസ് കുറച്ചു. ഏഴുമണിയോടെ മകന്‍ വിഷ്ണു എം.എല്‍.എയെ അകത്തു കയറി കണ്ടു. വിഷ്ണു പറയുന്നതിനോട് അവര്‍ പ്രതികരിച്ചു. കണ്ണു തുറന്നു, കൈകാലുകള്‍ അനക്കി, ചിരിച്ചു, ഇതെല്ലാം തലച്ചോറിലുണ്ടായ ക്ഷതങ്ങളില്‍ പുരോഗതിയുണ്ടെന്നുള്ളതാണ് വ്യക്തമാക്കുന്നത്.അത് ആശ്വാസാവഹമാണ്. ശ്വാസകോശത്തിന്റെ എക്‌സ്‌റേയിലും നേരിയ പുരോഗതിയുണ്ട്. അതും ആശ്വാസാവഹമാണ്.എങ്കിലും ശ്വാസകോശത്തിലുള്ള ചതവുണ്ട് ശ്വാസകോശത്തില്‍ രക്തം പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ അണുബാധ ഒഴിവാക്കാനുള്ള ചികിത്സ തുടരുകയാണ്. നിലവില്‍ വെന്റിലേറ്ററില്‍ തന്നെയാണ്, ഗുരുതരാവസ്ഥയില്‍ തന്നെയാണ്. വെന്റിലേറ്റില്‍ നിന്ന് മാറ്റി 24 മണിക്കൂര്‍ കഴിഞ്ഞാലേ അപകടാവസ്ഥ തരണം ചെയ്തതായി പറയാന്‍ സാധിക്കൂ.' ഡോക്ടര്‍ വ്യക്തമാക്കി.