പത്തനംതിട്ട: മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് നട തുറന്നത്. നട തുറക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നേരത്തേ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ശനിയാഴ്ച മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി പ്രവേശനം ലഭിക്കും. തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തിലാണ് നട തുറന്നത്. മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി, നിയുക്ത മേൽശാന്തിമാരായ എസ്.അരുൺ കുമാർ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി എന്നിവരും ദേവസ്വം ബോര്‍ഡ് പ്രതിനിധികളും സന്നിഹിതരായിരുന്നു.
നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായി. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്. കൂടാതെ പതിനായിരം പേര്‍ക്ക് സ്‌പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. തിരക്ക് വര്‍ധിക്കുന്ന സാഹചര്യം ഉണ്ടാകുന്നപക്ഷം അതിനുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുന്ന കാര്യം പരിഗണിക്കുമെന്നും ദേവസ്വം ബോര്‍ഡ് നേരത്തേ വ്യക്തമാക്കിയിരുന്നു.