ന്യൂമാഹി: മസ്‌കറ്റില്‍നിന്ന് സൗദി വഴി നാട്ടിലേക്ക് പുറപ്പെട്ട ന്യൂമാഹി സ്വദേശിയായ യുവാവ് ഒരുമാസമായിട്ടും വീട്ടിലെത്തിയില്ല. പെരിങ്ങാടി പുതിയ റോഡ് നൗറസിലെ വള്ളില്‍ ആബൂട്ടിയെ (38) ആണ് ദുരൂഹസാഹചര്യത്തില്‍ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തില്‍ കാണാതായത്.
മസ്‌കറ്റിലെ വാദി ഖബീര്‍ എന്ന സ്ഥലത്ത് ജോലിയുള്ള ആബൂട്ടി നാട്ടിലേക്കുള്ള യാത്രയില്‍ ഡിസംബര്‍ രണ്ടിന് ഒമാനില്‍നിന്ന് സൗദിയിലേക്ക് പോകുന്നതായി മാതാവ് ഷാഹിദയെ അറിയിച്ചിരുന്നു. റോഡ് വഴിയായിരുന്നു യാത്ര. റിയാദില്‍നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ടിക്കറ്റും എടുത്തതായി കോപ്പിസഹിതം മാതാവിനെ വിവരം അറിയിച്ചു. തൊട്ടടുത്ത ദിവസം ഷാഹിദ, ആബൂട്ടിയുടെ ഭാര്യയും മക്കളുമൊത്ത് മകനെ സ്വീകരിക്കാന്‍ കോഴിക്കോട് വിമാനത്താവളത്തില്‍ലെത്തി. റിയാദില്‍നിന്നുള്ള വിമാനം എത്തി യാത്രക്കാര്‍ മുഴുവന്‍ പുറത്തെത്തിയിട്ടും ആബൂട്ടി മാത്രം വന്നില്ല. മൂന്നുമണിക്കൂര്‍ കാത്തിരുന്നിട്ടും കാണാതായതോടെ വിമാനത്താവള ഓഫീസില്‍ തിരക്കിയപ്പോള്‍ അങ്ങനെ ഒരാള്‍ റിയാദില്‍നിന്നുള്ള വിമാനത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് മറുപടി കിട്ടിയത്.
1 X 322 നമ്പര്‍ ടിക്കറ്റില്‍ റിയാദില്‍നിന്ന് ബോര്‍ഡിങ് പാസ് എടുത്തതാണെങ്കിലും എമിഗ്രേഷന്‍ കഴിഞ്ഞിരുന്നില്ലെന്ന് തുടരന്വേഷണത്തില്‍ അറിഞ്ഞു. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തില്‍ ആബൂട്ടിക്ക് എന്തുസംഭവിച്ചുവെന്ന് വിവരമില്ല. മകനെ കാണാതായ വിഷയത്തില്‍ ഇടപെടണമെന്ന് കാണിച്ച് മാതാവും ബന്ധുക്കളും ഇന്ത്യന്‍ എംബസി, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, കെ. മുരളീധരന്‍ എം.പി., കേരള ഡി.ജി.പി. എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്