പാനൂർ: ചോറോട് രാമത്ത് പുതിയ കാവ് ശ്രീ മുച്ചിലോട്ട് കാവിലെ ഈ വർഷത്തെ കളിയാട്ട മഹോത്സവത്തിന്റെ അടയാളം കുറിക്കൽ (നിശ്ചയം) പാനൂരിലെ കുറ്റേരി കാവിൽ നടന്നു. മുച്ചിലോട്ട് ഭഗവതി രാമത്ത് തറവാട്ടിൽ എത്തിയത് പാനൂരിലെ കൂറ്റേരി കാവിൽ നിന്നുമാണ്. മാർച്ച് നാലുമുതൽ ഏഴുവരെ നാലു ദിവസമാണ് കളിയാട്ടം. കണ്ണൂരിലെ കോമരങ്ങളും, പെരുവണ്ണാൻമാരുമിവിടെ എത്തിയാണ് തെയ്യ കോലങ്ങൾ കെട്ടിയാടുന്നത്. നാൽപ്പതിൽ ഒന്നു കുറവ് തെയ്യങ്ങൾ ഇവിടുത്തെ പ്രത്യേകതയാണ്.
ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കരിപ്പള്ളി രാജൻ ഷിബിൻ കോമരത്തിന് അടയാളം കൈമാറി. പ്രദീപൻ പെരുവണ്ണാൻ, ഗോപാലൻ നായർ, സെക്രട്ടറി ബിജു വി.ടി.കെ, പ്രസാദ് വിലങ്ങിൽ, എം.എം.ഗോപാലൻ , രാധാകൃഷ്ണൻ, ടി.എൻ.കെ.മോഹനൻ, രാജേഷ് കെ.പി, സനോഷാബിൻ എന്നിവർ നേതൃത്വം നൽകി.