പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ പാകിസ്ഥാന് 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ നൽകിയ തിരിച്ചടിയിൽ പ്രതികരണവുമായി മമ്മൂട്ടി.'നമ്മുടെ നായകന്മാർക്ക് സല്യൂട്ട്. രാജ്യം വിളിക്കുമ്പോൾ ഇന്ത്യൻ സൈന്യം വിളി കേൾക്കും എന്നാണ് ഓപ്പറേഷൻ സിന്ദൂരിലൂടെ വീണ്ടും തെളിയിക്കുന്നത്. ജീവനുകൾ രക്ഷിക്കുന്നതിലും പ്രതീക്ഷ നിലനിർത്തുന്നതിനും നന്ദി. നിങ്ങൾ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തുന്നു, ജയ് ഹിന്ദ്'- എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഓപ്പറേഷൻ സിന്ദൂരിൽ നടൻ മോഹൻലാലും പ്രതികരിച്ചിട്ടുണ്ട്. 'ഒരു പാരമ്പര്യം എന്ന നിലയിൽ മാത്രമല്ല, നമ്മുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രതീകമായിട്ടാണ് നമ്മൾ സിന്ദൂരം അണിയുന്നത്. വെല്ലുവിളിക്കൂ, ഞങ്ങൾ എക്കാലത്തേക്കാളും നിർഭയരും ശക്തരുമായി ഉയരും. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന, ബിഎസ്എഫ് എന്നിവയുടെ ഓരോ ധീരഹൃദയത്തെയും അഭിവാദ്യം ചെയ്യുന്നു.നിങ്ങളുടെ ധൈര്യം ഞങ്ങളുടെ അഭിമാനത്തിന് ഇന്ധനം നൽകുന്നു. ജയ് ഹിന്ദ്'- എന്നാണ് മോഹൻലാൽ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. ഇരുവരുടെയും കുറിപ്പുകളിൽ ആരാധകരും പിന്തുണ നൽകുന്നുണ്ട്.