
പേരാമ്പ്ര: ചേനോളി റോഡിൽ പ്രവർത്തിക്കുന്ന മലബാർ ഓയിൽ മില്ലിലുണ്ടായ വൻ തീപിടിത്തത്തിൽ വലിയ നാശനഷ്ടം. മില്ലും സംഭരിച്ചുവെച്ചിരുന്ന ഉൽപന്നങ്ങളും പൂർണമായും കത്തിനശിച്ചു.പേരാമ്പ്ര ടൗണിനോട് ചേർന്ന് കിടക്കുന്ന സ്ഥാപനമായതിനാൽ വലിയ പരിഭ്രാന്തിയാണ് പ്രദേശത്ത് ഉണ്ടായത്.
തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ഉണ്ടായ അഗ്നിബാധയിൽ മില്ലിലുണ്ടായിരുന്ന കൊപ്രയും വെളിച്ചെണ്ണയും കത്തിനശിച്ചു. മില്ലിനകത്തുനിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചത്.പേരാമ്പ്രയിൽനിന്നും എത്തിയ അഗ്നിരക്ഷാ യൂനിറ്റുകൾ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.വെളിച്ചെണ്ണയും കൊപ്രയും ആയതിനാൽ തീ അതിവേഗം പടരുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.