കുറ്റ്യാടി: നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 62കാരന് 111 വർഷം കഠിനതടവ്. 2021 ഡിസംബറിൽ നടന്ന സംഭവത്തിനാണ് മരുതോങ്കര അടുക്കത്ത് സ്വദേശി വെട്ടോറമൽ അബ്ദുൽ നാസറിന് പോക്സോ കോടതി 111 വർഷം കഠിതടവും 2.10 ലക്ഷം രൂപ പിഴയും വിധിച്ചത്. ജഡ്ജി എം സുഹൈബാണ് കേസിൽ വിധി പറഞ്ഞത്.
ക്രിസ്മസ് അവധിക്ക് പെൺകുട്ടി ബന്ധുവീട്ടിലെത്തിയപ്പോഴാണ് പീഡനത്തിനിരയായത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പീഡന വിവരം പുറത്തുപറയാതിരിക്കാൻ അബ്ദുൽ നാസർ പെൺകുട്ടിയെ നിരന്തരമായി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടി പീഡനത്തിനിരയായ വിവരം പുറത്തുവന്നത്. പിന്നാലെ വിവരം പൊലീസിൽ അറിയിക്കുകയും ഡിഎൻഎ പരിശോധനയുൾപ്പടെ നടത്തിയാണ് പ്രതി കുറ്റക്കാരനാണെന്ന് തൊട്ടിൽപാലം പൊലീസ് സ്ഥിരീകരിച്ചത്. കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.