കക്കട്ടിൽ : ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടക്കുന്ന ആഹ്ലാദ പ്രകടനങ്ങൾക്ക് കുറ്റ്യാടി പോലീസ് സ്റ്റേഷൻ പരിധിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർവകക്ഷി യോഗത്തിൽ തീരുമാനം. മണ്ഡലത്തിൽ വിജയിക്കുന്ന കക്ഷിയുടെ പ്രകടനം അന്നേദിവസവും ദേശീയതലത്തിൽ വിജയിക്കുന്നവരുടേത് വോട്ടെണ്ണലിന്റെ പിറ്റേദിവസമായ ബുധനാഴ്ചയുമാണ് നടത്തേണ്ടത്.
രണ്ടു പ്രകടനങ്ങളും രാത്രി ഏഴുമണിക്ക് മുമ്പേ അവസാനിപ്പിക്കണം. ഡി.ജെ. മ്യൂസിക്, തുറന്ന വാഹനങ്ങൾ, മോട്ടോർ ബൈക്കുകൾ എന്നിവ അനുവദിക്കില്ല. ഉച്ചഭാഷിണിക്ക് പോലീസിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിക്കേണ്ടതാണ്. പ്രകടനങ്ങൾ നടത്തുന്ന സ്ഥലവും പങ്കെടുക്കുന്ന നേതാക്കളുടെ വിവരങ്ങളും പോലീസിനെ അറിയിക്കണം. ആഹ്ലാദപ്രകടനങ്ങൾ പഞ്ചായത്ത് തലത്തിൽ കേന്ദ്രീകരിച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കളുടെ സാന്നിധ്യം പ്രകടനങ്ങളിൽ ഉറപ്പുവരുത്തും. നാദാപുരം ഡിവൈ.എസ്.പി.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളും പങ്കെടുത്തു.
നാദാപുരത്ത് ഡി.ജെ. സെറ്റ് ഉപയോഗിച്ചുള്ള ആഹ്ലാദപ്രകടനങ്ങൾ വിലക്കി
നാദാപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ഡി.ജെ. സെറ്റ് ഉപയോഗിച്ചുള്ള ആഹ്ലാദ പ്രകടനങ്ങൾ നടത്തുന്നതിന് വിലക്കേർപ്പെടുത്തി. നാദാപുരം ഡി.വൈ.എസ്.പി. പി.എൽ. ഷൈജു, ഇൻസ്‌പെക്ടർ എ.വി. ദിനേശ് എന്നിവരുടെ നേത്യത്വത്തിൽ നാദാപുരം പോലീസ് സ്‌റ്റേഷനിൽ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിന്റേതാണ് തീരുമാനം.
നാദാപുരത്ത് സംഘർഷ സാധ്യതയുണ്ടെന്ന് പോലീസിന് ലഭിച്ച വിവരത്തെ തുടർന്നാണ് പ്രത്യേക യോഗം വിളിച്ചു ചേർത്തത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ 30 ന് മുമ്പായി അതാത് രാഷ്ട്രീയ പാർട്ടികൾ നീക്കം ചെയ്യണം. അല്ലാത്തപക്ഷം പോലീസ് നീക്കംചെയ്യും. ഫലപ്രഖ്യാപന ദിവസം ആഹ്ലാദപ്രകടനങ്ങൾ ഏഴുമണിക്ക് മുമ്പ് അവസാനിപ്പിക്കണം. ബൈക്ക് റാലികൾ, തുറന്ന വാഹനങ്ങളിൽ കൂടുതൽ ആളുകളെ കയറ്റിയുള്ള ആഹ്ലാദ പ്രകടനം എന്നിവ നടത്താൻ പാടില്ല. അനുമതിയില്ലാതെ വാഹനങ്ങളിൽ മൈക്ക് ഉപയോഗിച്ചാൽ വാഹനങ്ങൾ പിടിച്ചെടുക്കും. വാഹന പ്രകടനങ്ങൾ പഞ്ചായത്ത് അതിർത്തികളിൽ കേന്ദ്രീകരിക്കണം. മറ്റ് പഞ്ചായത്ത് പരിധികളിലേക്ക് കടക്കാൻ പാടില്ല.
ആഹ്ലാദ പ്രകടനങ്ങളുടെ റൂട്ട് പോലീസിനെ മുൻകൂട്ടി അറിയിക്കുകയും പടക്കങ്ങളുടെ ഉപയോഗം പൂർണമായി ഒഴിവാക്കുകയും ചെയ്യണം. രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട ഒരു നേതാവെങ്കിലും ഉണ്ടാകണം. ലോക്‌സഭാ മണ്ഡലത്തിൽ വിജയിക്കുന്ന മുന്നണിയുടെ ആഹ്ലാദപ്രകടനം നാലിനും കേന്ദ്രത്തിൽ അധികാരത്തിൽ വരുന്ന മുന്നണിയുടെ ആഹ്ലാദപ്രകടനം അഞ്ചിനും നടത്തേണ്ടതാണ്.
സർവകക്ഷിയോഗം ചേർന്നു
വളയം : ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വളയം പോലീസിന്റെ നേതൃത്വത്തിൽ സർവകക്ഷി യോഗം നടന്നു. വളയം വാണിമേൽ, ചെക്യാട് പഞ്ചായത്തുകളിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. ഡിവൈ.എസ്.പി. പി.എൽ. ഷൈജു അധ്യക്ഷനായി. വടകര മണ്ഡലത്തിൽ വിജയിച്ച മുന്നണിയുടെ വിജയാഘോഷ പരിപാടികൾ രാത്രി ഏഴുമണിക്ക് അവസാനിപ്പിക്കണം. ഡി.ജെ., ബൈക്ക്, ലോറി എന്നിവ ആഹ്ലാദപ്രകടനത്തിൽനിന്ന് ഒഴിവാക്കണം. ഓരോ മുന്നണിയുടെയും പ്രകടനത്തിൽ മുതിർന്നവരോ ഔദ്യോഗികനേതാക്കന്മാരോ വേണം. തിരഞ്ഞെടുപ്പ് പ്രചാരണാർഥം മണ്ഡലത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ സ്ഥാപിച്ച ബോർഡുകൾ മേയ് 30-നുള്ളിൽ സ്വമേധയാ എടുത്തുമാറ്റണം. ജൂൺ ഒന്നിനുമുമ്പ് ഓരോ പഞ്ചായത്തിലും പ്രസിഡൻറുമാരുടെ അധ്യക്ഷതയിൽ പഞ്ചായത്തുതല സർവകക്ഷി യോഗം വിളിച്ചുചേർക്കാനും തീരുമാനിച്ചു.