ന്യൂഡല്‍ഹി: വേനല്‍ക്കാലത്തെ നേരിടാന്‍ തയ്യാറായിരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ഉഷ്ണതരംഗമുന്നറിയിപ്പ്.സൂര്യാഘാതമടക്കം വേനലുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന ആരോഗ്യപ്രശ്‌നങ്ങളെ നേരിടാന്‍ സംവിധാനങ്ങള്‍ സജ്ജമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവയാണ് കത്തയച്ചത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഇതിനകം ഉയര്‍ന്ന താപനില അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
ആവശ്യമായ മരുന്നുകളുടെയും ഉപകരണങ്ങളുടെയും ലഭ്യത പരിശോധിച്ച് ഉറപ്പാക്കണം. ചൂടും ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാരിന്റെ മാര്‍ഗരേഖകള്‍ ദേശീയ രോഗനിയന്ത്രണകേന്ദ്രത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.ഇവ എല്ലാ ജില്ലയിലേക്കും എത്തിച്ചുനല്‍കണം. സൂര്യാഘാതത്തിന് ചികിത്സതേടുന്നവരുടെ വിവരങ്ങള്‍ മാര്‍ച്ച് ഒന്നുമുതല്‍ കേന്ദ്രീകൃതമായി ശേഖരിക്കുന്നുണ്ട്.കാലാവസ്ഥാനിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പുകള്‍ കൃത്യമായി പിന്തുടരണമെന്നും കത്തില്‍ നിര്‍ദേശിച്ചു.