ഡല്‍ഹി: തൊണ്ടിമുതൽ കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജു നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. വിചാരണ നേരിടണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. അടുത്ത മാസം 20ന് ആന്റണി രാജു ഹാജരാകണം. ജസ്റ്റിസ് സിടി രവികുമാർ അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.
1990ലായിരുന്നു സംഭവമെങ്കിലും 2024വരെ കേസിൽ വിചാരണ പോലും നടന്നിരുന്നില്ല. ജൂനിയർ അഭിഭാഷകനായിരിക്കെ, ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്‌ത്രത്തിൽ ആന്റണി രാജു കൃത്രിമം നടത്തിയെന്നായിരുന്നു കേസ്. കേസിൽ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌തായിരുന്നു ആന്റണി രാജുവിന്റെ ഹർജി. കേസിൽ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റം ചെയ്‌തിട്ടില്ലെന്നാണ് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാംങ്‌മൂലത്തിൽ പറഞ്ഞിരുന്നത്.