
വടകര: വ്യത്യസ്ത ഇടങ്ങളിൽ നിന്നായി മയക്കു മരുന്നുകൾ പിടികൂടിയ സംഭവത്തിൽ മൂന്ന് പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ. കണ്ണൂർ ചെറുകുന്ന് കല്യാശ്ശേരി കടപ്പുറത്തകത്ത് പക് അബ്ദുറഹിമാൻ (35), കോഴിക്കോട് വേങ്ങേരി കുരുവിശ്ശേരി എട്ട് കണ്ടത്തിൽ അനുഗ്രഹം വീട്ടിൽ ഷാദിൽ(32), കോഴിക്കോട് കൊളത്തറ ചെറുവണ്ണൂർ അയ്യപ്പൻ കണ്ടി മുജീബ് ഹൗസിൽ ടി എം നൗഷാദ്(37) എന്നിവരെയാണ് വടകര എൻ ഡി പി എസ് കോടതി ജഡ്ജ് വി ജി ബിജു ശിക്ഷിച്ചത്. അബ്ദുറഹിമാന് നാലു വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ രണ്ടു മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2018 ഒക്ടോബർ 11 നാണ് കേസിനാസ്പദമായ സംഭവം. കൂട്ടുപുഴ എക്സ് സൈസ് ചെക്ക് പോസ്റ്റിന് സമീപം വെച്ച് കെ എൽ 13 എ എൽ-8605 ഹോണ്ട ഡിയോ സ്കൂട്ടറിൽ കടത്തുകയായിരുന്ന മയക്ക് മരുന്ന് വിഭാഗത്തിൽപ്പെട്ട 198 നൈട്രോസൻ -10-നൈട്രാസിപാം എന്ന 198 ഗുളികയും,സ്പാസ്മോ പ്രോയിവോൺ എന്ന 140 ഗുളികയും ഇരിട്ടി എക്സ് സൈസ് ഇൻസ്‌പെക്ടർ പിടികൂടിയ കേസിലാണ് അബ്ദുറഹിമാനെ ശിക്ഷിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ.പ്ലീഡർ വി കെ ജോർജ് ഹാജരായി. രണ്ടു വർഷം കഠിന തടവും,20,000 രൂപ പിഴയുമാണ് ഷാദിലിന്റെ ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ രണ്ടു മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2018 ഫെബ്രവരി 28 നാണ് കേസിനാസ്പദമായ സംഭവം .കോഴിക്കോട് കാരപറമ്പ് എരഞ്ഞിക്കൽ കനോലി കനാലിന് സമീപത്തെ കരൂർ താഴം നട പാലത്തിന് സമീപം വെച്ച് ഒരു കിലോ 150 ഗ്രാം കഞ്ചാവുമായി കോഴിക്കോട് സർക്കിൾ എക്സ് സൈസ് ഇൻസ്പെക്ടറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നൗഷാദിന് മൂന്നു വർഷം കഠിന തടവും,25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2019 ഫെബ്രവരി 23 നാണ് കേസിനാസ്പദമായ സംഭവം. പന്തീരാങ്കാവ് കൊടൽ ദേശത്ത് ചാലിക്കര-വള്ളിക്കുന്ന് റോഡിൽ വെച്ച് ഫറൂഖ് എക്സ് സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വാഹന പരിശോധനക്കിടെയാണ് കെ എൽ 11 -ബി കെ-4243 സ്കൂട്ടറിൽ കടത്തുകയായിരുന്ന 50 ഗ്രാം ബ്രൗൺ ഷുഗറുമായി നൗഷാദിനെ പിടികൂടുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ.പ്ലീഡർ അഡ്വ.ഇ വി ലിജീഷ് ഹാജരായി.