കൊയിലാണ്ടി: നോക്കി നിൽക്കെ തിക്കോടി കടലിൽ വെള്ളത്തിന്റെ നിറം ചുവപ്പായതിന് പിന്നിൽ പ്രത്യേകതരം ആൽഗയുടെ അമിത സാന്നിധ്യമെന്ന് റിപ്പോർട്ട്. കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിലെ (കുഫോസ്) ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഡൈനോഫ്ളാജെല്ലേറ്റ് വിഭാഗത്തിൽപ്പെട്ട ജിമ്‌നോഡീനിയം ആൽഗയുടെ അമിത സാന്നിധ്യമാണ് കടൽവെള്ളത്തിന്റെ നിറം മാറ്റത്തിന് കാരണമെന്ന് കണ്ടെത്തിയത്. കടൽ വെള്ളത്തിന്റെ നിറം ചുമപ്പ് കലർന്ന തവിട്ടുനിറമാകുന്നു എന്ന് മത്സ്യതൊഴിലാളികൾ അറിയിച്ചതിനെ തുടർന്നാണ് കുഫോസിലെ പോസ്റ്റ് ഡോക്ടറൽ ഗവേഷക ഡോ.പി.മിനു തിക്കോടി കടലിൽ പഠനം നടത്തിയത്.
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌൺസിന്റെ സഹായത്തോടെയായിരുന്നു പഠനം. കുഫോസ് അക്വാട്ടിക് എൺവയോൺമെന്റ് മാനേജ്‌മെന്റ് വിഭാഗം അദ്ധ്യാപകൻ ഡോ.എംപി.പ്രഭാകരൻ പഠനത്തിന് നേതൃത്വം നൽകി. കുഫോസ് പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലെ ഗവേഷക ഡോ. സി.വി. ആശ പഠനത്തിനാവശ്യമായ സഹായം നൽകി.
ഒരാഴ്ച മുൻപാണ് തിക്കോടി കടലിൽ വെള്ളം അവസാനമായി നിറം മാറിയതെന്ന് ഡോ.പി.മിനു പറഞ്ഞു. കഴിഞ്ഞ മാസം 30 ന് വെള്ളത്തിന്റെ നിറം തവിട്ടായും മാറിയിരുന്നു. 2021 ഡിസംബറിൽ വെള്ളം പച്ച നിറമായും മാറിയിരുന്നെന്ന് ഡോ.എം.പി.പ്രഭാകരൻ പറഞ്ഞു. അന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയിരുന്നു. നോക്ടിലൂക്ക എന്ന വിഷാംശമുള്ള ആൽഗയായിരുന്നു അന്നത്തെ നിറം മാറ്റത്തിന് കാരണം.
ഇപ്പോഴത്തെ നിറം മാറ്റത്തിന് കാരണമായ ജിമ്‌നോഡീനിയം എന്ന ആൽഗയും വിഷാംശമുള്ളതാണ്. ജിമ്‌നോഡീനിയം ആൽഗ ഉദ്പാദിപ്പിക്കുന്ന ബ്രെവിടോക്സിൻ എന്ന വിഷം കല്ലുമ്മക്കായ, കക്ക, ചിപ്പി എന്നിവയുടെ തോടിൽ സംഭരിക്കപെടുകയും അവയിലൂടെ മനുഷ്യരിലെത്തുകയും ചെയ്യും. ഗുരുതരമല്ലെങ്കിലും വിവിധ തരത്തിലുള്ള ഉദരരോഗങ്ങൾക്ക് ഇത് കാരണമാകും. എന്ത് കൊണ്ടാണ് തിക്കോടി കടലിൽ ആൽഗകളുടെ സാന്നിധ്യം കൂടുതലായി കാണപ്പെടുന്നത് എന്ന് അറിയാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണന്ന് ഡോ. പി.മിനു പറഞ്ഞു. കഴിഞ്ഞ 15 വർഷമായി അറബി കടലിലെ ആൽഗകളുടെ സാന്നിധ്യത്തെ കുറിച്ച് പഠനം നടത്തുകയാണ് ഡോ.പി.മിനു.