
ചോമ്പാല: അഴിയൂർ ചുങ്കത്ത് പാർക്ക് ചെയ്ത സ്കൂട്ടർ കളവ് ചെയ്തു കടത്തികൊണ്ടു പോയ മോഷ്ടാവ് ചോമ്പാല പോലീസിൻ്റെ പിടിയിൽ.
എലത്തൂർ സ്വദേശി തൈവളപ്പിൽ സുഹൈൽ ടി.വിയാണ് ചോമ്പാല പോലീസ് പിടിയിലായത്. ജൂൺ 26 ന് രാവിലെ 11.30 മണിയോടെ അഴിയൂർ ചുങ്കത്ത് സ്വദേശിയായ യുവാവ് പാർക്ക് ചെയ്ത ആക്ടീവ സ്കൂട്ടർ 12 മണിയോടെ കാണാതാവുകയായിരുന്നു. ജൂലൈ ഒന്നാം തിയ്യതി യുവാവ് ചോമ്പാല പോലീസിൽ പരാതി നൽകി. അഴിയൂർ മുതൽ വടകര വരെ സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ചും മറ്റ് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതിയെ കുറിച്ച് സൂചന ലഭിക്കുകയും തിക്കോടിയിൽ വെച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വടകര ഡി.വൈ.എസ്.പി സനിൽ കുമാറിന്റെ നിർദ്ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ ചോമ്പാല പോലീസ് സ്‌റ്റേഷൻ സബ് ഇൻസ്പക്ടർ ഷമീൽ പി.പി യുടെ നേതൃത്വത്തിൽ എസ്.ഐ മാരായ അവിനാഷ് കുമാർ പി.വി, മനോജൻ കെ.എം, എ.എസ്.ഐ പ്രവീൺ കുമാർ സി, എസ്.സി പി.ഒ പ്രീതം ലാൽ പി.സി, സി പി.ഒ പ്രണവ് പി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.