കോഴിക്കോട്: മഴ അവധി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് പ്രധാനാധ്യാപകർ വിദ്യാഭ്യാസ വകുപ്പ് ഓഫീസർമാരുമായി ആലോചിച്ച് തീരുമാനിക്കണമെന്ന കളക്ടറുടെ നിർദേശത്തിൽ ഒരുവിഭാഗം അധ്യാപകർക്ക് ഭിന്നാഭിപ്രായം. സ്കൂളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രധാനാധ്യാപകർക്ക് അവധി തീരുമാനിക്കാൻ ചട്ടപ്രകാരം അനുമതിയുണ്ടെങ്കിലും മഴക്കെടുതി പോലുള്ള ദുരന്ത സാഹചര്യങ്ങളിൽ കളക്ടർതന്നെ അവധി പ്രഖാപിക്കുന്നതാണ് നല്ലതെന്നാണ് അധ്യാപകരുടെ അഭിപ്രായം.
ചില പ്രദേശങ്ങളിൽ മാത്രം മഴക്കെടുതി ഉണ്ടാവുന്ന സമയത്ത് ജില്ല മുഴുവൻ അവധി പ്രഖ്യാപിക്കുന്നത് മുഴുവൻ വിദ്യാദ്യാസ സ്ഥാപനങ്ങളിലേയും അധ്യയനത്തെ ബാധിക്കും. കളക്ടറുടെ നിർദേശം ഈ പ്രശ്നത്തിന് പരിഹാരമാകുമെങ്കിലും പ്രശ്നബാധിത പ്രദേശമല്ലാത്ത സ്ഥലങ്ങളിലെ സ്കൂളുകളെ അവധി ബാധിക്കാതിരിക്കാൻ കളക്ടർ താലൂക്ക് അടിസ്ഥാനത്തിൽ അവധി പ്രഖ്യാപിക്കുന്നതാവും നല്ലതെന്നും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.ഒരു സ്കൂളിന് മാത്രം അവധി പ്രഖ്യപിച്ചാൽ അത് പൊതു അവധിയായി കാണക്കാക്കില്ല എന്നതിനാൽ പകരം അധ്യയനദിനം കണ്ടെത്തേണ്ടതുണ്ട്. ഇതും പ്രതിസന്ധിയിലേക്ക് നയിക്കും. അതിനാൽ ദുരിതബാധിത പ്രദേശങ്ങളിൽ കളക്ടർ താലൂക്ക് അടിസ്ഥാനത്തിൽ അവധി പ്രഖ്യാപിക്കണമെന്ന് ഒരു വിഭാഗം അധ്യാപകർ ആവശ്യപ്പെട്ടു.