പാലക്കാട്: സി.പി.എമ്മിന് തിരിച്ചടിയായി പ്രവർത്തകരുടെ കൂട്ടത്തോടെയുള്ള പാർട്ടി വിടൽ. തേൻകുറിശ്ശി പഞ്ചായത്തിൽ മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറിയും മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരും ഒരു ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയും അടക്കം 75 പേരാണ് പാർട്ടി വിട്ടത്. ഡി.സി.സി സംഘടിപ്പിച്ച അംഗത്വവിതരണ ചടങ്ങിൽ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ മുഖ്യാതിഥിയായി സംബന്ധിച്ചു.
സി.പി.എം മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ എം. വിജയൻ, ബ്രാഞ്ച് സെക്രട്ടറിമാരായ സുരേന്ദ്രൻ, സതീഷ് കുമാർ, രാധാകൃഷ്ണൻ, ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് 75 ഓളം പേർ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.