കോഴിക്കോട്: ഉള്ളേരിയിൽ സ്വകാര്യ ആശുപത്രിയില്‍ ഗർഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ ചികിത്സിച്ച ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം. എന്തിനാണ് കീറി മുറിക്കുന്നത് എന്ന് ഡോക്ടർ ചോദിച്ചു എന്നാണ് ഭർത്താവ് വിവേക് പ്രതികരിച്ചത്.ഡോക്ടർ സിസേറിയൻ ചെയ്യാമെന്ന് ആദ്യം പറഞ്ഞു. വേദന കൂടിയതോടെ സിസേറിയൻ ചെയ്യാൻ ആവശ്യപെട്ടിട്ടും തയ്യാറായില്ല. എന്തിനാണ് കീറി മുറിക്കുന്നത് എന്ന് ഡോക്ടർ ചോദിച്ചു. വേദന തുടങ്ങി നില വിളിച്ചിട്ടും കള്ളം പറയുകയാണെന്ന് പറഞ്ഞുവെന്നും വിവേക് ആരോപിക്കുന്നു.നേരത്തെ കാണിച്ചിരുന്ന ഡോക്ടറെ കാണണമെന്ന് ആവശ്യപെട്ടിട്ടും കാണിച്ചില്ല. സ്ഥിരം കാണിച്ചിരുന്ന ഡോക്ടർ അന്ന് ഡ്യൂട്ടിയിൽ ഇല്ലായിരുന്നു.
വെന്റിലേറ്ററിൽ കിടക്കുമ്പോഴും ബന്ധുക്കളെ അറിയിച്ചത് പ്രശ്നം ഇല്ലെന്നാണ്.പിന്നീട് പെട്ടെന്ന് ഹോസ്പിറ്റലിൽ മാറ്റണം എന്ന് ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു. ബന്ധുക്കളെ അറിയിക്കുന്നതിന് മുമ്പ് ആശുപത്രി മാറ്റാൻ നീക്കം നടത്തിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
ആശുപത്രിയുടെ ഭാഗത്ത് നിന്നും ചികിത്സാപ്പിഴവ് ഉണ്ടായെന്ന് കാണിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ അത്തോളി പൊലീസ് കേസെടുത്തിട്ടുണ്ട്. എകരൂർ ഉണ്ണികുളം സ്വദേശി വിവേകിന്റെ ഭാര്യ അശ്വതിയും ഗർഭസ്ഥ ശിശുവും കഴിഞ്ഞ ദിവസമാണ് മരിച്ചത്.