
കോഴിക്കോട്: മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലായിരുന്ന പൊലീസുകാർ കസ്റ്റഡിയിൽ. പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ഡ്രൈവറായ പെരുമണ്ണ സ്വദേശി സീനിയർ സി.പി.ഒ ഷൈജിത്ത്, കുന്ദമംഗലം പടനിലം സ്വദേശി സി.പി.ഒ സനിത്ത് എന്നിവരാണ് പിടിയിലായത്. താമരശേരിയിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
പെൺവാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പിൽ ഇവർക്ക് മുഖ്യ പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. നടത്തിപ്പുകാരിൽ നിന്ന് ഇവരുടെ അക്കൗണ്ടുകളിലേയ്ക്ക് വൻതോതിൽ പണം വന്നതായും കണ്ടെത്തിയിരുന്നു. താമരശേരി കോരങ്ങാട് വച്ചാണ് പ്രതികളായ പൊലീസുകാരെ കസ്റ്റഡിയിലെടുത്തത്.ആൾപാർപ്പില്ലാത്ത വീടിന്റെ മുകൾ നിലയിലാണ് ഇവർ ഒളിവിൽ കഴിഞ്ഞിരുന്നത്. കേസിലെ ഒന്നാം പ്രതിയായ ബിന്ദുവിന്റെ ഭർത്താവ് രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. ഒളിവിൽ കഴിയാൻ പുതിയ സ്ഥലം തേടി പോകുന്നതിനിടെയാണ് പിടിയിലായത്. നടക്കാവ് പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേർന്നാണ് പൊലീസുകാരെ കസ്റ്റഡിയിലെടുത്തത്.