കോഴിക്കോട് : യു.ഡി.എഫിന്റെ നാല് പ്രാദേശികനേതാക്കൾ മുഖ്യമന്ത്രിയുടെ നവകേരളസദസ്സിലെ പ്രഭാതയോഗങ്ങളിലെത്തി. ലീഗിന്റെയും കോൺഗ്രസിന്റെയും രണ്ടുനേതാക്കൾ വീതമാണ് സദസ്സിൽ പങ്കെടുത്തത്. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗം എൻ. അബൂബക്കർ, യു.ഡി.എഫ്. കൊടുവള്ളി മേഖലാ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായിരുന്ന മാധവൻ നമ്പൂതിരി മക്കാട്ടില്ലം എന്നിവരാണ് കോൺഗ്രസിൽനിന്ന് പങ്കെടുത്തത്.
അടിവാരം-വയനാട് ചുരം സംരക്ഷണസമിതി പ്രസിഡന്റും കട്ടിപ്പാറ പയോണ വാർഡ് മുസ്ലിംലീഗ് കമ്മിറ്റി പ്രസിഡന്റുമായ വി.കെ. മൊയ്തു മുട്ടായി, കൊടുവള്ളി നിയോജകമണ്ഡലം ലീഗ് സെക്രട്ടറി യു.കെ. ഹുസൈൻ എന്നിവരാണ് ലീഗിൽനിന്ന് പങ്കെടുത്തത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാനാണ് എൻ. അബൂബക്കർ. കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റും കൊടുവള്ളി മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റുമാണ് മക്കാട്ട് മാധവൻ നമ്പൂതിരി.
നവകേരളസ്സദസിൽ പങ്കെടുത്ത എൻ. അബൂബക്കറിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തായി ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ അറിയിച്ചു. യു.കെ. ഹുസൈൻ, മൊയ്തു മുട്ടായി എന്നിവരെ മുസ്ലിം ലീഗിൽനിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി പാർട്ടി സംസ്ഥാന കമ്മിറ്റി അറിയിച്ചു.