കോഴിക്കോട്: മെഡിക്കൽ കോളേജിന് സമീപത്തെ ഓടയിലെ വെള്ളത്തില്‍ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. വടകര മുതുവന പന്തന്‍ കിണറ്റിന്‍കര വീട്ടില്‍ കണ്ണനാണ് (76) മരിച്ചത്. ഓടയിലെ വെള്ളത്തില്‍ നിന്ന് ഷോക്കേറ്റാണ് കണ്ണന്‍ മരിച്ചതെന്നാണ് സംശയം.
മെഡിക്കല്‍ കോളജില്‍ ഐഎംജിക്ക് സമീപം കാളാണ്ടിത്താഴത്ത് വാടക വീട്ടിൽ താമസിക്കുന്ന കണ്ണൻ ഞായറാഴ്ച രാവിലെ നടക്കാന്‍ ഇറങ്ങിയതായിരുന്നു. തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഓടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.