കോഴിക്കോട് : നാലരവയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 96 വർഷം കഠിനതടവും 4,55,000 രൂപ പിഴയും ശിക്ഷ. കൊമ്മേരി പാറപ്പുറത്ത് മീത്തൽ കെ. സന്തോഷിനാണ് (54) കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജി രാജീവ് ജയരാജ് ശിക്ഷവിധിച്ചത്. പിഴയിൽനിന്ന് 4,00,000 രൂപ പെൺകുട്ടിക്ക് നൽകാനും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ നാലുവർഷവും ആറുമാസവുംകൂടി തടവ് അനുഭവിക്കേണ്ടിവരും. ശിക്ഷ ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽമതി. പ്രതിയുടെ വീടിനുസമീപത്തുനിന്ന് കളിക്കുകയായിരുന്ന ബാലികയെ പ്രതി ഉപദ്രവിക്കുകയായിരുന്നു.
മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ എസ്.ഐ. കെ. മുരളീധരൻ രജിസ്റ്റർചെയ്ത കേസിൽ ഇൻസ്പെക്ടർ ബിനു തോമസാണ് അന്വേഷണം നടത്തിയത്. എസ്.ഐ.മാരായ റീത്ത, ഉണ്ണിനാരായണൻ, മനോജ് കുമാർ, രാജേന്ദ്രൻ, സി.പി.ഒ. വിനോദ്, എസ്.സി.പി.ഒ. സന്ധ്യജോർജ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. ഇൻസ്പെക്ടർ എൻ.വി. ദാസൻ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡ്വ. ആർ.എൻ. രഞ്ജിത്ത് ഹാജരായി. സിവിൽ പോലീസ് ഓഫീസർമാരായ സി.വി. സിന്ധു, എം.സി. ബിജു എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.