എടത്തനാട്ടുകര (പാലക്കാട്): സൂംബ ഡാന്‍സിനെതിരായി സാമൂഹികമാധ്യമത്തില്‍ കുറിപ്പിട്ട അധ്യാപകനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എടത്തനാട്ടുകര ടിഎഎംയുപി സ്‌കൂള്‍ അധ്യാപകനായ ടി.കെ. അഷ്റഫിനെയാണ് അന്വേഷണവിധേയമായി മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തത്.
വിദ്യാഭ്യാസവകുപ്പിന്റെ ശക്തമായ ഇടപെടലുണ്ടായതോടെയാണ് വ്യാഴാഴ്ച സ്‌കൂളില്‍ യോഗം ചേര്‍ന്ന് തുടര്‍നടപടി സ്വീകരിച്ചിട്ടുള്ളത്. നടപടിയെടുത്തതായി കാണിച്ച് അധ്യാപകന് നല്‍കിയ കത്തിന്റെ പകര്‍പ്പ് വിദ്യാഭ്യാസവകുപ്പിനും കൈമാറിയതായി സ്‌കൂള്‍ മാനേജര്‍ അറിയിച്ചു.കഴിഞ്ഞദിവസമാണ് സൂംബ ഡാന്‍സിനെതിരെ ടി.കെ. അഷ്‌റഫ് സാമൂഹികമാധ്യമത്തില്‍ കുറിപ്പിട്ടത്. സംഭവം വിവാദമായതോടെ പൊതുവിദ്യാഭ്യാസ വകുപ്പില്‍നിന്ന് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മുഖേന സ്‌കൂള്‍ മാനേജര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. 24 മണിക്കൂറിനുള്ളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.