തിരുവനന്തപുരം:29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് വെള്ളിയാഴ്ച കൊടിയിറക്കം. ചലച്ചിത്രവിരുന്ന് സമാപിക്കുമ്പോൾ ആർക്കാവും മികച്ച ചിത്രത്തിനുള്ള സുവർണ ചകോരമെന്നതാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
ഇന്ദുലക്ഷ്മിയുടെ അപ്പുറം, ജയൻ ചെറിയാന്റെ റിദം ഓഫ് ദമ്മാം, ഫാസിൽ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമയടക്കം 14 ചിത്രങ്ങളാണ് 20 ലക്ഷം രൂപക്കുള്ള സുവർണ ചകോരത്തിനായി മത്സരരംഗത്തുള്ളത്. രജതചകോരത്തിന് അർഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലുലക്ഷംരൂപയും രജതചകോരത്തിന് അർഹത നേടുന്ന നവാഗത സംവിധാന പ്രതിഭക്ക് മൂന്നുലക്ഷം രൂപയും ലഭിക്കും.വൈകീട്ട് നിശാഗന്ധിയിൽ നടക്കുന്ന സമാപനചടങ്ങിൽ സംവിധായിക പായൽ കപാഡിയക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. ശേഷം സുവർണചകോരം നേടുന്ന ചിത്രത്തിന്റെ പ്രദർശനവും നടക്കും. അവസാനദിനമായ ഇന്ന് 11 ചിത്രങ്ങളുടെ പ്രദർശനങ്ങളാണ് നടക്കുക.