പനാജി: ഗോവയിലെ ഷിര്‍ഗാവോയില്‍ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറുപേര്‍ മരിച്ചു. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ 4.30-ഓടെയാണ് അപകടം ഉണ്ടായത്. വടക്കന്‍ ഗോവയിലെ ഷിര്‍ഗാവോയിലുള്ള ലയ്‌റായി ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്.ഘോഷയാത്രയ്ക്കിടെ ചിലർക്ക് വൈദ്യുതാഘാതമേറ്റെന്നും ഇതാണ് ജനങ്ങളുടെ പെട്ടെന്നുള്ള പരിഭ്രാന്തിക്ക് വഴിവെച്ചതെന്നും സൂചനയുണ്ട്. അപകടത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല.
ഘോഷയാത്രയ്ക്കിടെ എന്തോ കാരണത്താല്‍ ജനങ്ങള്‍ പരിഭ്രാന്തരാവുകയും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു എന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആറുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും അനുശോചനം രേഖപ്പെടുത്തി.പരിക്കേറ്റവരിൽ കുറച്ചുപേരുടെ നില ഗുരുതരമാണ്.