
പറവൂർ: സോഷ്യൽമീഡിയ വഴി പരിചയത്തിലാവുകയും പ്രണയം നടിക്കുകയും ചെയ്ത യുവാവിനോടൊപ്പം വീടുവിട്ടിറങ്ങി ഗോതുരുത്തിലെത്തിയ 18 വയസ്സുകാരിയെ രക്ഷിച്ചു. സംശയം തോന്നിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് ചാവക്കാട് സ്വദേശിയായ യുവാവിനോടൊപ്പം കൊല്ലം സ്വദേശിനിയായ പെൺകുട്ടിയെ ഗോതുരുത്ത് പള്ളിപ്പടിയിൽ അസ്വാഭാവികമായ സാഹചര്യത്തിൽ കണ്ടത്. വിവരം തിരക്കിയ ഡിവൈഎഫ്‌ഐ പ്രവർത്തകരോട് സോഷ്യൽമീഡിയ വഴി യുവാവുമായി പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തതായി പെൺകുട്ടി പറഞ്ഞു. കൂടെ ഇറങ്ങിവന്നില്ലെങ്കിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് യുവാവ് പറഞ്ഞിരുന്നതായി പെൺകുട്ടി അറിയിച്ചു. യുവാവിനെ ആദ്യമായാണ് നേരിൽ കാണുന്നതെന്നും പെൺകുട്ടി പറഞ്ഞു. യുവാവിന് ഗോതുരുത്തിൽ ബന്ധുവുണ്ട്. ആ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഈ വീട്ടിലേക്കാണെന്നു പറഞ്ഞാണ് പെൺകുട്ടിയെ ഇയാൾ എത്തിച്ചത്.
ഡിവൈഎഫ്‌ഐ പ്രവർത്തകർ മുൻ പഞ്ചായത്തംഗം കെ.ടി. ഗ്ലിറ്ററെ വിവരമറിയിച്ചു. ചോദ്യങ്ങൾ ചോദിച്ചതോടെ യുവാവ് രക്ഷപ്പെടാൻ തുടങ്ങി. പോലീസിനെ അറിയിക്കരുതെന്നും ആവശ്യപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ഇവർ പോലീസിനു കൈമാറി. പോലീസ് ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഒട്ടേറെ യുവതികളുടെ നഗ്നചിത്രം കണ്ടെത്തി. ബാഗിൽനിന്ന് സിം കാർഡുകളും ഗർഭനിരോധന ഉറകളും ലഭിച്ചു. വടക്കേക്കര പോലീസ് കൊട്ടാരക്കര പോലീസുമായി ബന്ധപ്പെട്ടപ്പോൾ പെൺകുട്ടിയുടെ ബന്ധുക്കൾ കാണാനില്ലെന്നുകാട്ടി പരാതി നൽകിയതായി വ്യക്തമായി. ഇരുവരുടെയും വീട്ടുകാരെ വിവരമറിയിച്ചു. യുവാവിനെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പോലീസെത്തി പെൺകുട്ടിയെ കൊട്ടാരക്കരയ്ക്കു കൊണ്ടുപോയി.