
കോഴിക്കോട്: എലത്തൂരിൽ യുവതിയെ സഹോദരീഭർത്താവ് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഒന്നിച്ച് ജീവിക്കാനാകില്ലെങ്കിൽ ഒന്നിച്ച് മരിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രതി യുവതിയെ കൊലപ്പെടുത്തിയത്. മൃതദേഹം തൂങ്ങിക്കിടക്കുമ്പോഴും കയറിൽ നിന്ന് നിലത്തിറക്കിയ ശേഷവും ബലാത്സംഗത്തിനിരയാക്കിയതായി പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.വിവാഹം കഴിഞ്ഞ് കുടുംബവുമൊത്ത് ജീവിക്കുന്നതിനിടെയാണ് പ്രതി വൈശാഖൻ ഭാര്യാസഹോദരിയുമായി അടുപ്പത്തിലായത്. പ്രായപൂർത്തിയാകുന്നതിന് മുമ്പ് തന്നെ ഇയാൾ യുവതിയെ ലൈംഗികമായി ദുരുപയോഗം ചെയ്‌തുവരികയായിരുന്നു. ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങളും യുവതിയുടെ കൈവശം ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഇവർ തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി വൈശാഖനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇയാൾ ഒഴിഞ്ഞുമാറി. ഇതോടെ സ്വകാര്യ ദൃശ്യങ്ങൾ ഭാര്യയെ കാണിക്കുമോ എന്ന ഭയമായി വൈശാഖന്. തുടർന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്.
വീട്ടിലറിഞ്ഞാൽ പ്രശ്‌നമാണ്. ഒരുമിച്ച് ജീവിക്കാനാകില്ലെങ്കിൽ ഒരുമിച്ച് മരിക്കാം എന്ന് പറഞ്ഞാണ് യുവതിയെ പ്രതിയുടെ ഉടമസ്ഥതയിലുള്ള വർക്ക്‌ഷോപ്പിൽ എത്തിച്ചത്. രണ്ട് കുരുക്കുകളുണ്ടാക്കി ആദ്യത്തേത് യുവതിയുടെ കഴുത്തിലിട്ടു. തുടർന്ന് യുവതി കയറിനിന്ന സ്റ്റൂൾ തട്ടിമാറ്റുകയായിരുന്നു. തൂങ്ങിനിന്ന സമയത്തും കെട്ടഴിച്ച് നിലത്തിട്ട ശേഷവും പ്രതി യുവതിയെ ബലാത്സംഗം ചെയ്‌തു. ശേഷം ഭാര്യയെ ഫോണിൽ വിളിച്ചുവരുത്തി സഹോദരി ആത്മഹത്യ ചെയ്‌തതായി അറിയിക്കുകയായിരുന്നു.പ്രതിയും ഭാര്യയും ചേർന്ന് ഇയാളുടെ കാറിൽത്തന്നെയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.