മാഡ്രിഡ്: ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് സ്ട്രൈക്കല്‍ ഡിയോഗോ ജോട്ട വാഹനാപകടത്തില്‍ മരിച്ചു. 28 വയസായിരുന്നു. വടക്കുപടിഞ്ഞാറന്‍ സ്‌പെയിനിലെ സമോറ നഗരത്തില്‍ താരം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്ന് സ്പാനിഷ് മാധ്യമം മാഴ്സ റിപ്പോര്‍ട്ട് ചെയ്തു. താരത്തിന്റെ സഹോദരനും ഫുട്ബോള്‍ താരവുമായ ആന്‍ഡ്രെയും ഒപ്പമുണ്ടായിരുന്നു. അപകടത്തില്‍ തീ പിടിച്ച ജോട്ടയുടെ കാര്‍ കത്തിയമര്‍ന്നതായാണ് റിപ്പോര്‍ട്ട്.
1996-ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് അക്കാദമിയിലൂടെയാണ് തന്റെ കളി ജീവിതം ആരംഭിച്ചത്. 2016-ല്‍ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് മാറി, തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്‌സിലെത്തി. 2020-ലാണ് ലിവര്‍പൂളിലെത്തുന്നത്. ക്ലബ്ബിനായി 123 മത്സരങ്ങളില്‍ നിന്നായി 47 ഗോളുകള്‍ നേടിയിട്ടുണ്ട്.വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലാണ് താരത്തിന്റെ മരണം.