കാസർകോട്: ഗുരുപൂർണിമാദിനത്തിൽ വിദ്യാർഥികളെക്കൊണ്ട് അധ്യാപകരുടെ പാജപൂജ ചെയ്യിച്ചുവെന്ന പരാതിയിൽ സ്കൂളുകളിൽ നേരിട്ടെത്തി തെളിവെടുത്ത് അധികൃതർ. ഡിഡിഇ ടി.വി.മധുസൂദനന്റെ നേതൃത്വത്തിലാണ് ബന്തടുക്ക, ചീമേനി, തൃക്കരിപ്പൂർ എന്നിവിടങ്ങളിലെ സ്കൂളുകളിലെത്തിയത്. ചൊവ്വാഴ്ച പൊതുവിദ്യഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറും.
വിദ്യാർഥികൾ, പ്രഥമാധ്യാപകർ, സ്റ്റാഫ് സെക്രട്ടറി, ട്രസ്റ്റ് ഭാരവാഹികൾ തുടങ്ങിയവരിൽനിന്നാണ് മൊഴിയെടുത്തത്. ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ ഡിഡിഇ ടി.വി.മധുസൂദനൻ, കാസർകോട് ഡിഇഒ പി.സവിത എന്നിവരാണ് മൊഴിയെടുത്തത്. ചക്രപാണി വിദ്യാമന്ദിരത്തിൽ എഇഒ രമേശൻ പുന്നത്തിരിയൻ, ചീമേനിയിൽ കാഞ്ഞങ്ങാട് ഡിഇിഒയുടെ ചുമതല വഹിക്കുന്ന പി.സത്യഭാമ എന്നിവരാണ് അന്വേഷണത്തിന് എത്തിയത്. പാദപൂജയിൽ അന്വേഷണമാവശ്യപ്പെട്ട് ബാലസംഘം, എസ്എഫ്ഐ, ജില്ലാ ശിശുക്ഷേമസമിതി എന്നിവർ നൽകിയ പരാതിയിലാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.