കോഴിക്കോട് : സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് അർജുന്റെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ലോറി ഉടമ മനാഫും കേസിൽ പ്രതിയാണ്.സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമം നടത്തിയതിനുള്ള വകുപ്പും ചുമത്തിയിട്ടുണ്ട്.പൊലീസ് ഇന്ന് അർജുന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
സോഷ്യൽ മീഡിയ അക്കൗണ്ടുകളും അന്വേഷണ സംഘം പരിശോധിക്കും.സമൂഹമാധ്യമങ്ങളിൽ വർഗീയ അധിക്ഷേപം നടക്കുന്നുവെന്ന് കാണിച്ചാണ് അർജുന്റെ കുടുംബം സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകിയത്. അർജുന്റെ ഭാര്യ കൃഷ്ണ പ്രിയ, സഹോദരി അഞ്ജു, സഹോദരീ ഭർത്താവ് ജിതിൻ എന്നിവർ നേരിട്ടെത്തിയാണ് കമ്മിഷണർക്ക് പരാതി നൽകിയത്.കുടുംബത്തിന്റെ വൈകാരികതയെ മനാഫ് ചൂഷണം ചെയ്യുകയാണെന്നടക്കമുള്ള ആരോപണങ്ങളുമായി ബുധനാഴ്ച കുടുംബം വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിനുശേഷമാണ് അർജുന്റെ കുടുംബത്തിനു നേരെ സോഷ്യൽ മീഡിയയിലൂടെ ആക്രമണമുണ്ടായത്.