കോഴിക്കോട്: നിർമാണക്കമ്പനിക്ക് നിർമാണസാമഗ്രികൾ നൽകാമെന്നുപറഞ്ഞ് പത്തുലക്ഷത്തോളം രൂപ തട്ടിയ കേസിൽ മുംബൈ സ്വദേശി അറസ്റ്റിൽ. നീരവ് ബി. ഷാബിനെയാണ് (29) കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് മുംബൈയിൽ നിന്ന് അറസ്റ്റുചെയ്തത്. ഇന്റർനെറ്റിലും ഇന്ത്യ മാർട്ട് പോലുള്ള വെബ്സൈറ്റുകൾ സന്ദർശിച്ചും നിർമാണസാമഗ്രികൾക്കായി അന്വേഷണം നടത്തിയ കമ്പനിക്ക് കുറഞ്ഞ വിലക്ക് ഇവ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
ഇൻസ്പെക്ടർ ദിനേഷ് കോറോത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നിരവധി പേരുടെ ഫോൺ കാളുകളും സമൂഹ മാധ്യമ അക്കൗണ്ടുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സബ് ഇൻസ്പെക്ടർ പി. പ്രകാശ്, എ.എസ്.ഐ ജിതേഷ് കൊള്ളങ്ങോട്ട്, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ രാജേഷ് ചാലിക്കര, ഫെബിൻ കാവുങ്ങൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.