കോഴിക്കോട്: അമീബിക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തിക്കോടി സ്വദേശിയായ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ചികിത്സിക്കുന്ന ഡോക്ടർ റഊഫ് അറിയിച്ചു. കുട്ടിയെ ഐ.സി.യുവിൽനിന്ന് മാറ്റി. 20 ദിവസമാണ് രോഗത്തിന്റെ നിരീക്ഷണ കാലയളവ്.
കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് 10 ദിവസം കഴിഞ്ഞു. 10 ദിവസം കൂടി കഴിഞ്ഞേ ഡിസ്ചാർജ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂ. ഇതിനിടെ സാമ്പ്ൾ പരിശോധനക്ക് അയക്കും. ഇത് നെഗറ്റിവ് ആയാലേ രോഗാവസ്ഥ തരണം ചെയ്തു എന്ന് പറയാനാവൂ എന്നും ഡോ. റഊഫ് അറിയിച്ചു. തിക്കോടി പഞ്ചായത്തിലെ പയ്യോളി പള്ളിക്കരയിലെ കുളത്തിൽ കുളിച്ചശേഷമാണ് കുട്ടിക്ക് പനി പിടിപെട്ടത്.