കോഴിക്കോട്: നിപ പിടിപെട്ട് ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശി 38കാരി നിപ നെഗറ്റിവായി. എന്നാൽ, രോഗി അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. സ്രവം മെഡിക്കൽ കോളജിലെ വൈറോളജി ലാബിലും പിന്നീട് പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലും നടത്തിയ പരിശോധനയിലും നെഗറ്റിവായി. രോഗം തലച്ചോറിനെ ബാധിച്ചതിനാൽ ഏറെക്കാലം ചികിത്സയിൽ തുടരേണ്ടിവരുമെന്ന് ഡോക്ടർമാർ പറഞ്ഞു.
പാലക്കാട് സ്വദേശിനിയെ ജൂലൈ നാലിനാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ഐസൊലേഷൻ വാർഡിൽ പ്രത്യേക മെഡിക്കൽ സംഘത്തിന്റെ മികച്ച ചികിത്സയാണ് രോഗിക്ക് ലഭ്യമാക്കിയത്.