BREAKING NEWS
dateSUN 29 DEC, 2024, 6:54 AM IST
dateSUN 29 DEC, 2024, 6:54 AM IST
back
Homepolitics
politics
SREELAKSHMI
Thu Dec 26, 2024 10:58 AM IST
സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീർത്തത് കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ് - പ്രതിപക്ഷ നേതാവ്
NewsImage

തിരുവനന്തപുരം: എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിർണയിക്കാൻ കഴിഞ്ഞ മനുഷ്യനാണ് എംടിയെന്ന് വി ഡി സതീശൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു. 

അനുശോചനക്കുറിപ്പിന്‍റെ പൂർണരൂപം

ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിർണയിക്കാൻ കഴിഞ്ഞ മനുഷ്യൻ. ചവിട്ടി നിൽക്കുന്ന മണ്ണിനേയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്‌ളാദത്തോടെയും നോക്കി കാണാൻ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞു നിന്ന എം.ടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീർത്തത് കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ്. വാക്കുകൾ തീവ്രമായിരുന്നു. പറയാനുള്ളത് നേരെ പറഞ്ഞു. ആശയങ്ങൾ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല. അങ്ങനെയുള്ളവരാണ് കാലത്തെ അതിജീവിക്കുന്നത്.

ആ പേനയിൽ നിന്ന് 'ഇത്തിരിത്തേൻ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങൾ' ഉതിർന്ന് ഭാഷ ധന്യമായി. നിങ്ങൾക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും. അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. എം.ടി ആ ഉത്തരവാദിത്തം അത്രമേൽ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി. കാലം ആവശ്യപ്പെട്ടത് കാലാതിവർത്തിയായി നിറവേറ്റിയ ഇതിഹാസമാകുന്നു എം.ടി.

'നിങ്ങൾ എന്തിന് എഴുത്തുകാരനായി എന്ന് ഒരാൾ ചോദിച്ചാൽ എനിക്ക് പറയാനറിയാം. ആദ്യം മുതൽക്കെ ഞാൻ മറ്റൊന്നുമായിരുന്നില്ല' - എന്ന് എം.ടി പറഞ്ഞത് ഒരു പരസ്യ പ്രസ്താവനയാണ്. അതിലെ ഓരോ വാക്കുകളും അർത്ഥവത്താണ്. അത് ജീവിതം കൊണ്ട് തെളിഞ്ഞതുമാണ്. മനുഷ്യനേയും മനുഷ്യനേയും ചേർത്ത് നിർത്തിയ സ്‌നേഹ സ്പർശമായിരുന്നു എം.ടി .

അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാൾ കൺമുന്നിൽ കാണുന്ന നിളാ നദിയെ ഇഷ്ടപ്പെട്ട, മനുഷ്യാവസ്ഥയെ ലളിതമായും കഠിനമായും ആവിഷ്‌ക്കരിച്ച, ആത്മസംഘർഷങ്ങളും സങ്കടചുഴികളും നഷ്ട്ടപ്പെടലിന്റെ വേദനയും ആഹ്ളാദത്തിന്റെ കൊടുമുടികളും കടന്ന് മൗനത്തിന്റെ തീവ്രതയെ അളവു കോലില്ലാതെ അടയാളപ്പെടുത്തിയ എം.ടി എന്നെ സംബന്ധിച്ച് ഒരു മഹാമനുഷ്യനായിരുന്നു.

'വടക്കൻ വീരഗാഥ'യിലെ ചന്തുവിനെ കണ്ട ശേഷമാണ് വില്ലൻമാരെന്ന് സമൂഹം മുദ്രകുത്തിയവരെ കുറിച്ച് ഞാൻ മാറി ചിന്തിച്ച് തുടങ്ങിയത്. 'നിർമ്മാല്യ'ത്തിലെ വെളിച്ചപ്പാട് ഭയപ്പെടുത്തി. 'സദയ'ത്തിലെ സത്യനാഥൻ എന്നെ അസ്വസ്ഥനാക്കി. 'സുകൃത'ത്തിലെ രവിശങ്കർ നോവായി മനസിൽ നിന്നു. 'പരിണയ'ത്തിലെ ഉണ്ണിമായ അന്തർജനത്തിന്റെ നിസഹായാവസ്ഥ പിടിച്ചുലച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE